ഡൽഹി: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാനായി രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബഞ്ചിൻ്റെ തീരുമാനം തള്ളി ഭരണഘടനാ ബഞ്ച്. രാഷ്‌ട്രപതിയുടെ പതിനാല് ചോദ്യങ്ങൾ അടങ്ങിയ റഫറൻസിന് മറുപടി നൽകുകയായിരുന്നു സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച്. ഭണഘടനയുടെ 200ാം അനുച്ഛേദം പ്രകാരം നിയമസഭ പാസാക്കുന്ന ബില്ലുകൾ ലഭിക്കുമ്പോൾ ഗവർണർക്ക് മുന്നിലുള്ള ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിലാണ് സുപ്രീം കോടതിയുടെ മറുപടി. അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചു വെക്കാനുള്ള വിവേചന അധികാരം ഗവർണർക്ക് ഇല്ലെന്ന് കോടതി വ്യക്തമാക്കി. ഇങ്ങനെ ബില്ലുകൾ പിടിച്ചുവെച്ചാൽ അത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചർച്ചയിലൂടെയുമാണ് ഇത് പരിഹരിക്കേണ്ടതെന്നും കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠമായ നിലപാടാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
നിയമസഭയുമായി ആശയവിനിമയം നടത്താതെ ബില്ലുകൾ പിടിച്ചു വെക്കുന്നത് അഭിലഷണീയമല്ല. ഗവർണ്ണർ സാധാരണ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. വിവേചന അധികാരം എന്തിനൊക്കെ ഉപയോഗിക്കാം എന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബില്ലുകളുടെ കാര്യത്തിൽ ഗവർണർക്ക് വിവേചന അധികാരം ഉണ്ട്. ഗവർണർ അംഗീകാരം നൽകാത്ത ബില്ലുകൾ നിയമസഭയിലേക്ക് തിരിച്ചയക്കുകയാണ് വേണ്ടത്. രാഷ്ട്രപതിക്ക് ഈ ബില്ല് അയക്കുകയോ അല്ലെങ്കിൽ നിയമസഭയിലേക്ക് തിരിച്ചയക്കുകയോ ചെയ്യാനുള്ള വിവേചന അധികാരം ഉണ്ട്. അനിയന്ത്രിതമായി പിടിച്ചു വെക്കാനുള്ള വിവേചന അധികാരം ഇല്ല. സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ലെന്നും ബില്ലുകൾ ഗവർണർ ഒപ്പിടാതെ അംഗീകാരം നൽകുന്നതും ഭരണഘടനാപരമല്ലെന്ന് കോടതി പറഞ്ഞു.
തമിഴ്നാട് ഗവർണർക്കെതിരെ സ്റ്റാലിൻ സർക്കാർ സമർപ്പിച്ച ഹർജിയിലായിരുന്നു കഴിഞ്ഞ ഏപ്രിലിൽ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ചത്. തമിഴ്നാട് ബില്ലുകൾക്ക് രണ്ടംഗ ബഞ്ച് അംഗീകാരം നൽകിയത് ഭരണഘടന തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് പറഞ്ഞ കോടതി ബില്ലുകൾ അകാരണമായി പിടിച്ചു വെക്കാൻ ഗവർണർമാർക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി. ബില്ലുകൾ നിയമം ആയാൽ മാത്രമേ കോടതിക്ക് പരിശോധിക്കാനാകൂ. ബില്ലുകൾ പരിഗണനയ്ക്ക് വരുമ്പോൾ രാഷ്ട്രപതി എപ്പോഴും സുപ്രീംകോടതിയുടെ ഉപദേശം തേടേണ്ട കാര്യമില്ല. ബില്ലുകളുടെ കാര്യത്തിൽ മന്ത്രിസഭ പറയുന്നത് പോലെ പ്രവർത്തിക്കാൻ ഗവർണർക്ക് ബാധ്യതയില്ല. ബില്ലുകളുടെ കാര്യത്തിൽ ന്യായീകരിക്കാനാകാത്ത കാലതാമസം വന്നാൽ കോടതിക്ക് ഇടപെടാം. ബില്ലുകളിലെ നടപടി ഇല്ലായ്മയിൽ കോടതിക്ക് ഇടപെടാൻ കഴിയുമെന്നും സുപ്രീംകോടതി വിധിയിൽ പറയുന്നു.

