പാട്‌ന: പാർട്ടിയുടെ ഔദ്യോഗിക നിലപാടുകൾക്ക് വിരുദ്ധമായി പ്രസ്താവനകൾ നടത്തിയ നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയുമായി കോൺഗ്രസ്. മന്ത്രിമാരടക്കം 43 നേതാക്കൾക്ക് പാർട്ടി ചൊവ്വാഴ്ച കാരണം കാണിക്കൽ നോട്ടീസ് നൽകി. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് ആയിരുന്നു നടപടിയെന്ന് പാർട്ടി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മുൻ മന്ത്രി വീണ ഷാഹി, എഐസിസി അംഗം മധുരേന്ദ്ര കുമാർ സിംഗ്, സംസ്ഥാന കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി കൈസർ ഖാൻ, മുൻ എംഎൽഎ സുധീർ കുമാർ, മുൻ എംഎൽസി അജയ് കുമാർ സിംഗ് തുടങ്ങിയവരും കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച 43 പേരിൽ ഉൾപ്പെട്ടിട്ടുണ്ട്.
നോട്ടീസ് ലഭിച്ച എല്ലാ നേതാക്കളും നവംബർ 21 ഉച്ചയോടെ സമിതിക്ക് മുമ്പാകെ രേഖാമൂലമുള്ള വിശദീകരണം നൽകണമെന്ന് സംസ്ഥാന കോൺഗ്രസ് അച്ചടക്ക സമിതി അധ്യക്ഷൻ കപിൽ ദേവ് പ്രസാദ് യാദവ് അറിയിച്ചു. പറഞ്ഞ കാലയളവിനുള്ളിൽ മറുപടി നൽകാത്ത പക്ഷം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും മിതി അധ്യക്ഷൻ കൂട്ടിച്ചേർത്തു. കോൺഗ്രസ് പാർട്ടി ഐക്യത്തിനും അച്ചടക്കത്തിനും വളരെ പ്രാധാന്യം നൽകുന്ന പാർട്ടിയാണെന്നും ഇതിന് കോട്ടം തട്ടുന്ന തരത്തിലുള്ള പ്രവർത്തികളെ ഗൗരവമായി കാണുമെന്നും സമിതി വ്യക്തമാക്കി.
ബീഹാറിലെ കനത്ത തോൽവിയുടെ പശ്ചാത്തതിൽ ഇന്ത്യ സംഖ്യത്തിൽ കോൺഗ്രസ് ഒറ്റപ്പെടുന്നു. നേതൃസ്ഥാനത്ത് നിന്ന് കോൺഗ്രസ് മാറണമെന്ന് സമാജ് വാദി പാർട്ടി ആവശ്യപ്പെട്ടു. അഖിലേഷ് യാദവിനെ നേതാവാക്കണമെന്നും. ഇന്ത്യ സഖ്യത്തിന്‍റെ പ്രതീക്ഷകൾക്കൊത്ത് മുന്നേറാൻ കോൺഗ്രസിനാകില്ലെന്നും മുതിർന്ന നേതാവും ലഖ്‌നൗ സെൻട്രൽ എം എൽഎയുമായ രവിദാസ് മെഹ്റോത്ര പറഞ്ഞു. നേതൃമാറ്റം വേണമെന്ന് തൃണമൂൽ കോൺഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാനായി പ്രക്ഷോഭം വേണമെന്നും തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു.

