ന്യൂഡൽഹി: എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേരളം. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിർത്തി വയ്ക്കണമെന്നാണ് ആവശ്യം. സംസ്ഥാന സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് സുപ്രീം കോടതിയെ സമീപിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് നടപടികളും എസ്ഐആറും ഒരേ സമയം നടത്തിയാൽ ഭരണസംവിധാനം സ്തംഭിക്കുമെന്നാണ് ഹർജിയിൽ പറയുന്നത്. തിരഞ്ഞെടുപ്പ് നടക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചുണ്ട്. എസ്ഐആർ നടപടികൾ ഡിസംബർ 21 വരെ നിർത്തിവെക്കണമെന്ന് ആവശ്യമറിയിച്ചാണ് ഹർജി ഫയൽ ചെയ്തത്.
അതേസമയം തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും സുപീം കോടതിയെ സമീപിച്ചു. ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയും ഇതേ ആവശ്യം അറിയിച്ചുകൊണ്ട് സുപ്രീം കോടതിയിൽ ഹർജി നൽകി. എസ്‌ഐആർ വിഷയം ചർച്ച ചെയ്യാൻ കോൺഗ്രസ് വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ നടക്കും. രാവിലെ 10.30ന് ഇന്ദിരാഭവനിലാണ് വിഷയം ചർച്ച ചെയ്യാനുള്ള യോഗം നടക്കുക. കേരളം അടക്കം 9 സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നേതാക്കളുടെ യോഗമാണ് ചേരുന്നത്. പിസിസി അധ്യക്ഷന്മാർ, നിയമസഭാ കക്ഷി നേതാക്കൾ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കൾ എന്നുവരും യോഗത്തിന്റെ ഭാഗമാകും.

