ഡൽഹി ചെങ്കോട്ട സ്ഫോടനം; മരിച്ച അഞ്ച് പേരെ തിരിച്ചറിഞ്ഞു, മരണ സംഖ്യ ഉയരാൻ സാധ്യത; ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും

0

ഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കിയ ചെങ്കോട്ട സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട അഞ്ച് പേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, ഓട്ടോറിക്ഷ ഡ്രൈവര്‍ മൊഹ്സിൻ, ബിഹാർ സ്വദേശി പങ്കജ് സൈനി, യുപി സ്വദേശിയയായ 21 വയസുകാരൻ റുമാൻ, തുണിക്കട നടത്തുന്ന ഡൽഹി സ്വദേശി അമർ കടാരിയ, എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. 22 കാരനായ സൈനി ഒരു ബന്ധുവിനെ മെട്രോ സ്റ്റേഷനിൽ വിടാൻ എത്തിയതായിരുന്നു. 3 പേരുടെ മൃതദേഹം കൂടി ഇനിയും തിരിച്ചറിയാനുണ്ട്. എട്ട് പേര് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന ഔദ്യോഗിക വിവരം. അതേസമയം, 13പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മരണസംഖ്യ ഉയരാനാണ് സാധ്യതയുണ്ടെന്നാണ് വിവരം. 30ലധികം ആളുകളാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്. മരിച്ച ബാക്കിയുള്ള മൂന്നുപേർ ഡൽഹി യുപി സ്വദേശികളാണെന്നാണ് വിവരം.

അതേസമയം ചെങ്കോട്ട സ്ഫോടനം സംബന്ധിച്ച് വിലയിരുത്താൻ രാവിലെ 9:30 ന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. ഐബി ഡയറക്ടർ, ആഭ്യന്തര സെക്രട്ടറി, ഡൽഹി പൊലീസ് കമ്മീഷണർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. നടന്നത് ഭീകരാക്രമണമാണെന്ന സൂചയുള്ള സാഹചര്യത്തിലാണ് നിർണായക യോഗം ചേരുന്നത്. സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ റെഡ് ഫോര്‍ട്ട് പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ചാവേര്‍ ഭീകരാക്രമണ സാധ്യതയാണ് പോലീസ് പരിശോധിക്കുന്നത്. അപകടം നടന്ന സ്ഥലം തെളിവ് ശേഖരണത്തിന്‍റെ ഭാഗമായി വെള്ള കർട്ടൻ കൊണ്ട് മൂടിയിട്ടുണ്ട്. ആറ് കാറുകളും രണ്ട് ഇ-റിക്ഷകളും ഒരു ഓട്ടോറിക്ഷയുമാണ് സ്ഫോടനത്തിൽ കത്തിനശിച്ചത്.സ്‌ഫോടനത്തിന് പിന്നാലെ ഇന്നലെ രാത്രി പഹാർഗഞ്ച്, ദര്യഗഞ്ച്, പരിസര പ്രദേശങ്ങളിലെ ഹോട്ടലുകളിൽ രാത്രി മുഴുവൻ പോലീസ് പരിശോധന നടത്തി. ഹോട്ടൽ രജിസ്റ്ററുകൾ സംഘം പരിശോധിച്ചു. പരിശോധനയിൽ നാല് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. സ്ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് 13 പേരെ ഇതുവരെ ചോദ്യം ചെയ്തു.

എല്ലാ തെളിവുകളും ശേഖരിച്ച് വിലയിരുത്തി വരികയാണെന്നും. ഇപ്പോൾ ഒന്നും തിടുക്കപ്പെട്ട് പറയാൻ കഴിയില്ലെന്നുമാണ് പോലീസ് പ്രതികരിച്ചത്. വസ്തുതകൾ വ്യക്തമായതിന് ശേഷം കാര്യങ്ങളിൽ വ്യക്തത വരുത്തുമെന്നും ഡിസിപി രാജപാണ്ഡ്യ മാധ്യമങ്ങളോട് പ്രതികരിച്ചു.സ്ഫോടനത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ശക്തമായ തെളിവുകൾ ഉണ്ടെങ്കിൽ മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളൂ. സ്ഥലത്ത് ഫോറൻസിക് സംഘത്തിന്റെ പരിശോധനൻ നടക്കുകയാണെന്നും ഡിസിപി വ്യക്തമാക്കി. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത ഷാ. ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ വൻതോതിൽ കണ്ടെത്തിയതിന് പിന്നാലെയാണ് ഡൽഹിയിൽ സ്‌ഫോടനമുണ്ടായത്.

ഡൽഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം തിങ്കളാഴ്ച വൈകുന്നേരം 6.55നാണ് രാജ്യത്തെ നടുക്കിയ സ്ഫോടനം നടന്നത്. ലാൽകില മെട്രോ സ്റ്റേഷന് മുന്നിലെ ട്രാഫിക് സിഗ്നലിന് മുന്നിലേക്ക് വേഗം കുറച്ചെത്തിയ ഹുണ്ടായ് ഐ 20 കാർ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിച്ച വിവരം. അതേസമയം, 13പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. ഡൽഹി, യുപി സ്വദേശികളാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. പരിക്കേറ്റ നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഡൽഹിയിലുണ്ടായത് ഭീകരാക്രമണമാണെന്ന് കേന്ദ്രം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും യുഎപിഎ വകുപ്പ് ചുമത്തി ആണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. ചാവേർ ആക്രമണമാണ് ഇന്നലെ ഡൽഹിയിലുണ്ടായതെന്നാണ് സൂചന.

സ്ഫോടനത്തിനു പിന്നാലെ, സംശയം നീളുന്നത് ഫരീദാബാദ് ഭീകര സംഘത്തിൽ പോലീസ് തിരയുന്ന വ്യക്തിയിലേക്ക്. സ്ഫോടനത്തിന് ഉപയോഗിച്ച കാര്‍ ഓടിച്ചത് ഉമര്‍ മുഹമ്മദെന്നാണ് നിലവിലെ സംശയം. ഭീകരവാദിയായ ഉമര്‍ മുഹമ്മദാണ് കാര്‍ ഓടിച്ച് ചെങ്കോട്ടയിലെത്തിയതെന്നാണ് സൂചന. സ്ഫോടനം നടന്ന ഐ20 കാറിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഇയാളുടേതാണോയെന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. കറുത്ത മാസ്ക് ധരിച്ച ഒരാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ദ ഇന്ത്യൻ എക്സ്പ്രസ് ആണ് കാറിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. മാസ്ക് ധരിച്ച ഒരാള്‍ കാര്‍ ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത് ഉമര്‍ മുഹമ്മദാണോ എന്നാണ് നിലവിലെ സംശയം. സ്‌ഫോടനത്തിന് ഉപയോഗിച്ച കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്നു മണിക്കൂർ നിർത്തിയിട്ടു. ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്നാണ് സൂചന. സ്ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്.

സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം വിലയിരുത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ സ്‌ഫോടനത്തിൽ പരിക്കേറ്റ ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ചിരുന്നു.സംഭവസ്ഥലത്തുണ്ടായിരുന്ന കാറുകൾ, ഓട്ടോറിക്ഷകൾ, സൈക്കിൾ റിക്ഷകൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ തകർന്നു. ആകാശത്തേക്ക് ഒരു തീ ഗോളം ഉയർന്നെന്നും, ഒരു കിലോമാറ്റർ അകലെ വരെ സ്ഫോടനത്തിന്‍റെ പ്രകമ്പനം ഉണ്ടായെന്നും ദൃക്‌സാക്ഷികൾ മാധ്യമങ്ങളോട് പ്രതികരിച്ചു. സാഹചര്യ തെളിവുകൾ ഭീകരാക്രമണത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെങ്കിലും സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. അതേസമയം ഡൽഹിയിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here