ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിൽ പൊട്ടിത്തെറി. പാർട്ടിയിൽ നിന്നും രാജിവെച്ച സിപിഎം നേതാവ് ബിജെപി സ്ഥാനാർത്ഥിയായി ഇത്തവണ തുറവൂരിൽ മത്സരിക്കും. സിപിഎം മുൻ എൽസി സെക്രട്ടറി പി അരവിന്ദനാണ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുന്നത്. 17 വർഷം സിപിഎം തുറവൂർ പഞ്ചായത്തംഗമായിരുന്നു അരവിന്ദൻ. തുറവൂർ പഞ്ചായത്ത് 14-ാം വാർഡിലാണ് അരവിന്ദൻ ബിജെപി സ്ഥാനാർത്ഥിയാകുന്നത്. സിപിഎം സ്ഥാനാർഥി നിർണ്ണയത്തിൽ പ്രതിഷേധിച്ചായിരുന്നു അരവിന്ദൻ പാർട്ടി വിട്ടത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിന് പിന്നാലെ അരവിന്ദൻ പാർട്ടിയുമായി അത്ര രസത്തിലായിരുന്നില്ല.
അതേസമയം, കണ്ണൂർ പയ്യന്നൂർ നഗരസഭയിൽ വിമത സ്ഥാനാർത്ഥിയായി സിപിഎം ബ്രാഞ്ച് സെക്രട്ടറി മത്സരിക്കാനിറങ്ങുന്നു. പയ്യന്നൂർ കാര ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി കളത്തിലിറങ്ങിയിട്ടുള്ളത്. പയ്യന്നൂർ നഗരസഭയിലെ 36-ാം ഡിവിഷനിലാണ് വൈശാഖ് മത്സരിക്കുന്നത്. ഡിവിഷനിൽ കോൺഗ്രസ് എസിലെ പി. ജയനാണ് എൽഡിഎഫിൻ്റെ ഔദ്യോഗിക സ്ഥാനാർഥി. എന്നാൽ വൈശാഖിന്റെ സ്ഥാനാർഥിത്വത്തെ കുറിച്ച് അറിയില്ലെന്ന് ആണ് സിപിഎം ഏരിയ സെക്രട്ടറി പ്രതികരിച്ചത്.

