രാത്രി പന്ത്രണ്ടരയ്ക്ക് ആരാണ് പെൺകുട്ടിയെ അങ്ങോട്ട് പോകാൻ അനുവദിച്ചത്? എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നു, ബംഗാളിലേത് മാത്രം പർവതീകരിക്കരുത്’; മമത ബാനർജി

0

ന്യൂഡൽഹി: എംബിബിഎസ് വിദ്യാർത്ഥിനി കൂട്ട ബലാൽസം​ഗത്തിനിരയായ സംഭവത്തിൽ വിവാദ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനർജി. രാത്രി പന്ത്രണ്ടരയ്ക്ക് ആരാണ് പെൺകുട്ടിയെ വനമേഖലയ്ക്ക് അടുത്തേക്ക് പോകാൻ അനുവദിച്ചതെന്ന് മമത ബാനർജി ചോദിച്ചു. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നു, ബം​ഗാളിലേത് മാത്രം പർവതീകരിക്കരുതെന്നും മമത ബാനർജി കൂട്ടിച്ചേർത്തു. സ്വകാര്യ മെഡിക്കല് കോളേജുകൾ രാത്രി വൈകി പെൺകുട്ടികളെ പുറത്ത് പോകാന് അനുവദിക്കരുതെന്നും സ്വകാര്യ മെഡിക്കൽ കോളേജ് അധികൃതർ കൃത്യമായ സുരക്ഷ ഉറപ്പാക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

അതേ സമയം, മമത ബാനർജിക്കെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. മമതയുടെ പരാമർശം അപമാനകരമെന്നും പെൺകുട്ടികൾ രാത്രി വൈകി പുറത്തിറങ്ങിയാൽ ബലാത്സംഗം ക്ഷണിച്ചുവരുത്തുമെന്നാണ് മമത സൂചിപ്പിക്കുന്നതെന്നും അമിത് മാളവ്യ പ്രതികരിച്ചു. മമത നിരന്തരം ഇരയെ കുറ്റപ്പെടുത്തുകയാണെന്നും ബിജെപിയുടെ വിമശനം.

രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് ക്യാംപസിൽ ക്രൂരബലാത്സം​ഗത്തിന് ഇരയായത്. വെള്ളിയാഴ്ച രാത്രി ദുർഗാപൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് കാമ്പസിന് പുറത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഒഡീഷയിലെ ജലേശ്വറിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥി അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഭക്ഷണം കഴിക്കാൻ വേണ്ടി ഇറങ്ങിയതായിരുന്നു പെൺകുട്ടി.
ഈ സമയത്താണ് ബലമായി പിടിച്ചുകൊണ്ടുപോയി ക്യാംപസിനുള്ളിൽവെച്ച് ക്രൂരപീഡനത്തിന് ഇരയാക്കിയത്.

സംഭവത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. മെഡിക്കൽ വിദ്യാർത്ഥിനിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പശ്ചിമബം​ഗാൾ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here