ഹിജാബ് വിഷയത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലത്. സമവായമുണ്ടെങ്കിൽ അത് അവിടെ തീരട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാനേജ്മെന്‍റിനോട് വിശദീകരണം ചോദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല. രക്ഷിതാവ് പഴയ സ്റ്റാൻഡിൽ നിന്ന് മാറിയിട്ടുണ്ട്. രക്ഷിതാവിന് പ്രശ്നമില്ല. ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കാൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ക്ലാസിൽ കുട്ടിയെ ഇരുത്തിയില്ല എന്ന പരാതിയിൽ വിദ്യാഭ്യാസ ഉപ ഡയറക്ടർ റിപ്പോർട്ട് നൽകി. സ്കൂളിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. സ്കൂൾ തലത്തിൽ എന്തെങ്കിലും സമവായം ഉണ്ടായെങ്കിൽ നല്ലത്. ചിലർ വർഗീയ വിദ്വേഷം പരത്താൻ ശ്രമിക്കുന്നു. അത് അനുവദിക്കില്ല. മാനേജ്മെൻറ് താല്പര്യം നടപ്പിലാക്കുന്ന PTA ആണ് സ്കൂളിൽ ഇപ്പോഴുള്ളത്. അത് മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഒരു കുട്ടിയുടെ അവകാശം നിഷേധിക്കാൻ കഴിയില്ല. എന്തിൻ്റെ പേരിലാണെങ്കിലും അനുവദിക്കാനാകില്ല. പ്രശ്നം ഇവിടെ വച്ച് അവസാനിപ്പിക്കണം. കേരളത്തിൽ അൺ എയ്ഡഡ് സ്ഥാപനങ്ങൾ ആണെങ്കിൽ NoC പുതുക്കേണ്ടത് വിദ്യാഭ്യാസ വകുപ്പാണ്. അതെല്ലാം ആലോചിച്ചു മുന്നോട്ട് പോകണം. വിഷയം ചിലർ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നു എന്ന് മനസിലായതിനാലാണ് വിഷയം ഇവിടെ അവസാനിപ്പിക്കാം എന്ന് പറഞ്ഞത്. DCC പ്രസിഡൻ്റും ഹൈബി ഈടനം ഇടപെട്ടു പരിഹരിച്ചു എന്നാണ് പറയുന്നത്. അവരെ വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തിയിട്ടില്ല. എന്നാലും എം പി എന്ന നിലയിൽ ഇടപെട്ട് പരിഹാരിക്കുന്നത് സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന രംഗത്തെത്തി . സർക്കാരിന് രേഖാമൂലം മറുപടി നൽകിയതായി പ്രിൻസിപ്പൽ അറിയിച്ചു. സ്കൂളിന് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും സിസ്റ്റർ ഹെലീന വ്യക്തമാക്കി. കുട്ടിയെ പുറത്താക്കിയിട്ടില്ല, ഹിജാബ് ധരിച്ച് തന്നെയാണ് ആർട്സ് ഡേയിൽ പങ്കെടുത്തത്. മന്ത്രി കാര്യങ്ങൾ പഠിക്കാതെയാണ് പറയുന്നത്.
ഡിഡിഇ നൽകിയത് സത്യവിരുദ്ധമായ റിപ്പോർട്ടാണ്. യൂണിഫോം നിശ്ചയിക്കാൻ സ്കൂൾ മാനേജ്മെന്റിന് അധികാരമുണ്ട്. കുട്ടിക്ക് പഠനം നിഷേധിച്ചിട്ടില്ലെന്നും സിസ്റ്റര്‍ ഹെലീന മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രി സംസാരിച്ചത് കാര്യമറിയാതെയാണ്. സ്കൂളിന് എല്ലാ കുട്ടികളും ഒരുപോലെയാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.
അതേ സമയം, വിദ്യാഭ്യാസ മന്ത്രിക്കെതിരെ സ്കൂൾ PTA പ്രസിഡന്റ് രംഗത്തെത്തി. സ്‌കൂള്‍ യൂണിഫോം ധരിച്ച് കുട്ടിക്ക് സ്‌കൂളില്‍ പഠനം തുടരാമെന്ന് പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ പറഞ്ഞു. മുന്‍ നിലപാടില്‍ നിന്നും ഒരു മാറ്റവുമില്ല. കുട്ടിയുടെ അവകാശത്തിന് മുകളിലാണ് സ്‌കൂളിന്റെ അവകാശം. സ്‌കൂള്‍ യൂണിഫോം ധരിച്ച് സ്‌കൂളിലെത്താമെന്ന് കുട്ടിയും രക്ഷിതാവും സമ്മതിച്ചതാണ്. പിന്നീട് മന്ത്രി പ്രതികരണവുമായി എത്തിയത് ശരിയായില്ലെന്നും പിടിഎ പ്രസിഡന്റ് വ്യക്തമാക്കി.

