തൃശൂർ പുതുക്കാട് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി; 200 ഓളം വാഴകളും, 500 ഓളം മുളക് തൈകളും റബർ മരങ്ങളും നശിപ്പിച്ചു; ദുരിതത്തിലായി കർഷകർ

0

തൃശൂർ: ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപക കൃഷി നാശം. പുതുക്കാട് ഇഞ്ചക്കുണ്ട് പന്തുപാറയിലാണ് കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചത്. കഴിഞ്ഞ രാത്രിയിൽ നാല് ആനകളാണ് പ്രദേശത്ത് എത്തിയത്. കൊട്ടിശ്ശേരി സണ്ണിയുടെ പറമ്പിലെ 200 ഓളം വാഴകളും വിളവെടുക്കാറായ 500 ഓളം മുളക് തൈകളും റബര്‍ മരങ്ങളും ആനകള്‍ നശിപ്പിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകന് ഉണ്ടായിരിക്കുന്നത്. മന്ത്രിക്കുത്ത് ഹനീഫ, എടത്തിനാല്‍ മാണി, കൈതിക്കല്‍ തോമസ്, നീണ്ടുതലിക്കല്‍ ജസ്റ്റില്‍ എന്നിവരുടെ പറമ്പുകളിലും വേലികൾ തകർത്ത് ആനകള്‍ ഇറങ്ങി കൃഷി നശിപ്പിച്ചു. ആനകള്‍ കൃഷി നശിപ്പിക്കുന്നത് കണ്ട കര്‍ഷകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരെത്തിയാണ് ഇവയെ കാടുകയറ്റിയത്.

ഏറ്റവും കൂടുതല്‍ കൃഷിനാശം സംഭവിച്ച സണ്ണിയുടെ പറമ്പില്‍ നാലാം തവണയാണ് ആനകള്‍ എത്തുന്നത്. മുന്‍പ് കൃഷി നശിപ്പിച്ചതിന്‍റെ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചില്ലെന്നും കര്‍ഷകന്‍ പറയുന്നു. ഓരോ വര്‍ഷവും ചെയ്യുന്ന വാഴകൃഷി വിളവെടുപ്പിന് പാകമാകുന്ന സമയത്താണ് ആനകളെത്തി നശിപ്പിക്കുന്നത്. നാലു വര്‍ഷത്തിനിടെ ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് സംഭവിച്ചത്. പ്രദേശത്തുള്ളവരുടെ ഉപജീവനമായ കൃഷി ആനകളിറങ്ങി തുടര്‍ച്ചയായി നശിപ്പിച്ചിട്ടും അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ വനംവകുപ്പ് തയ്യാറാകുന്നില്ലെന്നാണ് കര്‍ഷകരുടെ ആക്ഷേപം.ആനശല്യത്താല്‍ പൊറുതിമുട്ടിയ നാട്ടുകാര്‍ കൃഷി ഉപേക്ഷിക്കാനുള്ള ഒരുക്കത്തിലാണ്. കാര്‍ഷിക മേഖലയായ ഈ പ്രദേശത്തേക്ക് കാട്ടാനകള്‍ എത്താതിരിക്കാന്‍ വനംവകുപ്പ് ഇടപെടണമെന്നും കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here