മെക്സിക്കോ സിറ്റിയിൽ വച്ച് വെടിയേറ്റ് അർജന്റീനിയൻ ഗായകനും മുൻ മോഡലുമായ ഫെഡെ ഡോർക്കാസിന് ദാരുണാന്ത്യം. നൃത്തപരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നടന്ന ഒരു മോഷണശ്രമത്തിനിടെയാണ് 29 -കാരനായ ഡോർക്കാസ് ആക്രമിക്കപ്പെട്ടതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ 9-ന് ആണ് സംഭവം.
റോഡിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ കഴുത്തിൽ വെടിയേറ്റ ഡോർക്കാസ് സംഭവസ്ഥലത്ത് വെച്ച് തന്നെ തൽക്ഷണം മരിച്ചുവെന്ന് മെക്സിക്കോ സിറ്റി പബ്ലിക് സേഫ്റ്റി സെക്രട്ടേറിയറ്റിനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് അധികൃതരെ ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. തുടരന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
മെക്സിക്കോയിലെ ഒരു പ്രശസ്ത ടെലിവിഷൻ നൃത്തമത്സരത്തിൽ പങ്കെടുക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഡോർക്കാസിന്റെ കൊലപാതകം. അദ്ദേഹം പങ്കെടുക്കാനിരുന്ന നൃത്തപരിപാടിയുടെ അണിയറപ്രവർത്തകർ ഇൻസ്റ്റഗ്രാമിലൂടെ ഗായകന് ആദരാഞ്ജലികൾ അർപ്പിച്ചു.
മെക്സിക്കൻ നടിയും ഗായികയുമായ മരിയാന അവിലയുമായി പ്രണയത്തിലായിരുന്നു ഡോർക്കാസ്.”നോ എരെസ് തൂ”, “കാരാ ബോണിറ്റ” തുടങ്ങിയവയാണ് ഡോർക്കാസിന്റെ പ്രശസ്തമായ ഗാനങ്ങൾ. അദ്ദേഹത്തിന്റെ ആദ്യ സംഗീത ആൽബമായ ‘ഇൻസ്റ്റിൻറോ’ കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്.

