ലണ്ടൻ: ബ്രിട്ടനിലെ നോട്ടിങ്ഹാമില്‍ സുഹൃത്തിനെ അക്രമിയുടെ കത്തിമുനയിൽ നിന്നും രക്ഷിക്കുന്നതിനിടെ കുത്തേറ്റ് മരിച്ച ഇന്ത്യൻ വംശജയ്ക്ക് മരണാനന്തര ബഹുമതിയായി ജോർജ് മെഡൽ. കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജയായ ഗ്രേസ് ഓ’മാലി കുമാറിന് ആണ് ധീരതയ്ക്കുള്ള മരണാനന്തര ബഹുമതിയായ ജോര്‍ജ് മെഡൽ ലഭിച്ചത്.
2023 ജൂൺ 13നാണ് ഗ്രേസ് കൊല്ലപ്പെടാനിടയായ സംഭവം ഉണ്ടായത്. ഗ്രേസും കൂട്ടുകാരൻ ബർണാബിയും തങ്ങളുടെ വാർഷിക പരീക്ഷയ്ക്ക് ശേഷം രാത്രി നടക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. പാരാനോയിഡ് സ്കിസോഫ്രീനിയ ബാധിച്ച വാൽഡോ കലോക്കെയ്ൻ എന്നയാൾ നടത്തിയ ആക്രമണത്തിൽ കുത്തേറ്റ ഗ്രേസ്, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബർണബി വെബ്ബറിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. അന്ന് ഇരുവർക്കും 19 വയസ്സായിരുന്നു. ഗ്രേസിനെ കൊലപ്പെടുത്തിയ മാനസിക പ്രശ്നങ്ങളുള്ള കൊലപാതകിയായ ആൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്
രാജ്യത്തെ രണ്ടാമത്തെ വലിയ ധീരതാപുരസ്കാരമാണ് ജോർജ് മെഡൽ. സിവിലിയൻ ധീരതയ്ക്കുള്ള അവാർഡ് ലഭിച്ച 20 പേരിൽ ഒരാളും, മരണാനന്തര ബഹുമതി ലഭിച്ച നാലുപേരിൽ ഒരാളുമാണ് ഗ്രേസ്. ബ്രിട്ടനിൽ ഡോക്ടർമാരായ സഞ്ജയ് കുമാറിന്റെയും സിനീദ് ഓ മാലിയുടെയും മകളാണ് ഗ്രേസ്. ഐറിഷ് വംശജയാണ് ഗ്രസിന്റെ മാതാവ്.

