ബഗ്പത്: പള്ളി ഇമാമിന്റെ ഭാര്യയെയും രണ്ട് പെൺമക്കളെയും പള്ളി അങ്കണത്തിൽ വെട്ടിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബഗ്പത് ജില്ലയിലെ ഗംഗനൗലി ഗ്രാമത്തിലാണ് സംഭവം, പള്ളി ഇമാം ആയ ഇബ്‌റാഹീം അഫ്ഗാൻ വിദേശകാര്യ മന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ദയൂബന്ദിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം. ഇബ്‌റാഹീമിന്റെ ഭാര്യ 32 കാരിയായ ഇസ്രാന, മക്കളായ 5 വയസ്സുകാരി സോഫിയ, രണ്ട് വയസ്സുകാരി സുമയ്യ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇർസാനയുടെ മൃതദേഹം നിലത്തും കുട്ടികളുടെ മൃതദേഹങ്ങൾ കട്ടിലിലുമാണ് കിടന്നിരുന്നത്.
പ്രദേശത്തെ കുട്ടികൾക്ക് ഇർസാന ട്യൂഷനെടുക്കാറുണ്ടായിരുന്നു. ട്യൂഷന് എത്തിയ കുട്ടികളാണ് കൊലപാതക വിവരം ആദ്യം അറിഞ്ഞത്. ഇവരാണ് നാട്ടുകാരെ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
മുസഫർനഗർ സ്വദേശിയായ ഇബ്രാഹീം മൂന്ന് വർഷമായി ഗംഗനൗലി ഗ്രാമത്തിലെ പള്ളിയിൽ സേവനം ചെയ്തുവരികയായിരുന്നു. അഫ്ഗാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖി ഇന്ന് ദാറുൽ ഉലൂം ദയൂബന്ദ് സന്ദർശിച്ചിരുന്നു. ഈ പരിപാടിയിൽ പങ്കെടുക്കാനാണ് ഇമാം ദയൂബന്ദിലേക്ക് പോയത്. ആ സമയത്താണ് കൊലപാതകം നടന്നത്.

