തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗാന്ധിജയന്തി ദിനത്തിൽ നടത്തിയ പ്രതികരണത്തിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തെയും ആർഎസ്എസ്സിന് നൽകിയ അംഗീകാരത്തെയും ശക്തമായി വിമർശിച്ചു. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടതിനാലാണ് രാഷ്ട്രപിതാവിനെ ഹിന്ദുത്വ വർഗ്ഗീയ ഭ്രാന്തൻ വെടിവെച്ചുകൊന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ഇന്ത്യൻ മണ്ണിൽ വിഭജന രാഷ്ട്രീയത്തിനും വിഭാഗീയ ആശയങ്ങൾക്കും ഗാന്ധിജിയുടെ ആദർശങ്ങളും നിലപാടുകളും ശക്തമായ പ്രതിബന്ധം തീർത്തു. ഇതാണ് വർഗ്ഗീയ ശക്തികളെ പ്രകോപിതരാക്കിയതെന്നും, ഇന്ത്യയെന്ന ആശയത്തിനുവേണ്ടിയാണ് ഗാന്ധിജി ജീവൻ ബലി നൽകിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഗാന്ധിവധത്തെ തുടർന്ന് നിരോധിക്കപ്പെട്ട സംഘടനയായ ആർഎസ്എസിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് കേന്ദ്ര സർക്കാർ തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയ നടപടിയെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. ഈ തീരുമാനം ഭരണഘടനയെത്തന്നെ അവഹേളിക്കുന്നതിന് തുല്യമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആർഎസ്എസ്സിന് ഇത്തരമൊരു ഔദ്യോഗിക അംഗീകാരം നൽകാനായി ഗാന്ധിജയന്തിയുടെ തലേദിവസം തിരഞ്ഞെടുത്തത്, ഗാന്ധി സ്മരണ പോലും സംഘപരിവാർ ഭയപ്പെടുന്നു എന്നതിൻ്റെ വ്യക്തമായ തെളിവാണ്. ഗാന്ധി വധക്കേസിൽ വിചാരണ നേരിട്ട സവർക്കറെ സ്വാതന്ത്ര്യസമരത്തിലെ പ്രതീകമായി ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നവരുടെ മറ്റൊരു നീക്കമാണ് ഇപ്പോൾ കേന്ദ്രതലത്തിൽ നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജിക്ക് പകരം സവർക്കറെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്ന ഇത്തരം നീക്കങ്ങളെ മതനിരപേക്ഷ സമൂഹം തിരിച്ചറിഞ്ഞ് തുറന്നുകാട്ടേണ്ടതുണ്ട് എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബഹുസ്വരതയേയും സഹവർത്തിത്വത്തേയും ഭയപ്പെടുന്ന ആർഎസ്എസ്സിന്റെ പ്രതിലോമ രാഷ്ട്രീയം, ഗാന്ധി മുന്നോട്ടുവെച്ച മാനവികതയുടെ രാഷ്ട്രീയത്തിന് നേർവിപരീതമാണ്.
സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നവർക്കെതിരായ ചെറുത്തുനിൽപ്പുകൾക്ക് ഗാന്ധിയുടെ സ്മരണ എക്കാലവും ഊർജ്ജം പകരും എന്നും പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി തൻ്റെ കുറിപ്പ് അവസാനിപ്പിച്ചത്. ഏവർക്കും അദ്ദേഹം ഗാന്ധിജയന്തി ആശംസകളും നേർന്നു.

