പ്രളയദുരിതാശ്വാസം വിലയിരുത്താനെത്തിയ ബിജെപി എംപിയേയും എംഎൽഎയേയും കല്ലെറിഞ്ഞോടിച്ച് ജനങ്ങൾ

0

നഗ്‌രാകാട്ട: പശ്ചിമബംഗാളിൽ ബിജെപി എംപിയേയും മറ്റ് നേതാക്കളേയും ജനങ്ങൾ കല്ലെറിഞ്ഞ് ഓടിച്ചു. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ നഗ്‌രാകാട്ടയിലാണ് സംഭവം. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ ബിജെപി സംഘത്തിനെതിരെയാണ് ജനരോഷമുണ്ടായത്. മാൾഡ ഉത്തരയിൽനിന്നുള്ള എംപി ഖഗൻ മുർമുവിനും സംഘത്തിനും നേരെയാണ് ജനക്കൂട്ടത്തിന്റെ ആക്രണമുണ്ടായത്. ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഖഗൻ മുർമുവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. ജൽപായ്ഗുരി ജില്ലയിലെ നഗ്‌രാകാട്ടയിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും വൻ നാശനഷ്ടമുണ്ടായിരുന്നു. ഈ പ്രദേശങ്ങളിൽ പരിശോധനയ്ക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി എത്തിയതായിരുന്നു ഖഗൻ മുർമുവും സംഘവും. ബിജെപി എംഎൽഎ ശങ്കർ ഘോഷും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. എന്നാൽ, പ്രളയബാധിത പ്ര​ദേശത്തെത്തിയ ഇരുവരേയും ഒരു കൂട്ടം ആളുകൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇവരുടെ വാഹനവും തകർക്കപ്പെട്ടു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സ്ഥിതിയിലുള്ള മുർമുവിന്റെ ദൃശ്യങ്ങളടക്കം ശങ്കർ ഘോഷ് പുറത്തുവിട്ട വീഡിയോയിലൂടെയാണ് വിവരം പുറത്തറിഞ്ഞത്. പിൻസീറ്റിലിരുന്ന മുർമുവിന് സംഭവിച്ച പരിക്കുകളും, വാഹനത്തിനുള്ളിലെ കല്ലുകളുടെയും തകർന്ന ചില്ലുകളുടെയും അവശിഷ്ടങ്ങളും അദ്ദേഹം വീഡിയോയിൽ കാണിച്ചു. ‘ഖഗൻദാ വാഹനത്തിൽ രക്തത്തിൽ കുളിച്ച് കിടക്കുകയാണ്. കാറിന്റെ ഒരു ഗ്ലാസ് പോലും ബാക്കിയില്ല. കാറിനുള്ളിൽ എല്ലായിടത്തും തകർന്ന ചില്ലുകളും കല്ലുകളുമാണ്. അടിയന്തര വൈദ്യസഹായത്തിനായി ഞങ്ങൾ ഉടൻ തന്നെ ഇവിടെ നിന്ന് പോകുകയാണ്.’ മുർമുവിനൊപ്പം ആശുപത്രിയിലേക്ക് പോകുന്ന വഴിക്ക് പങ്കുവെച്ച വീഡിയോയിൽ ഘോഷ് പറഞ്ഞു.

അതേസമയം, ആക്രമണത്തിന് പിന്നിൽ തൃണമൂലുമായി ബന്ധമുള്ളവരാണ് എന്ന് ബിജെപി ആരോപിച്ചു. ‘ഇന്ന് നഗ്‌രാകാട്ടയിൽ, ബിജെപി എംപി ഖഗൻ മുർമുവും, എംഎൽഎയും പശ്ചിമ ബംഗാൾ നിയമസഭയിലെ മുഖ്യ പ്രതിപക്ഷ വിപ്പുമായ ശങ്കർ ഘോഷും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യുകയും ചെയ്യുന്നതിനിടെ മമതാ പോലീസിന്റെ സാന്നിധ്യത്തിൽ ക്രൂരമായി ആക്രമിക്കപ്പെട്ടു.’ കേന്ദ്രമന്ത്രിയും ബിജെപി നിയമസഭാംഗവുമായ സുകാന്ത മജുംദാർ ആരോപിച്ചു.

‘മുഖ്യമന്ത്രി മമതാ ബാനർജി, ഈ ഭീരുത്വവും നാണംകെട്ട പ്രവൃത്തിയും ബംഗാളിലെ ജനങ്ങൾ ഒരിക്കലും മറക്കില്ല. ഇന്നലെ മുതൽ ഇന്നുവരെ നിങ്ങൾ കാണിച്ച അധാർമികവും മനുഷ്യത്വരഹിതവുമായ ഓരോ ക്രൂരതയ്ക്കും ബംഗാളിലെ ജനങ്ങൾ നിങ്ങളെ ശിക്ഷിക്കും.’ അദ്ദേഹം പറഞ്ഞു.

ഒക്ടോബർ നാല്, അഞ്ച് തീയതികളിലുണ്ടായ കനത്ത മഴയും പ്രളയവും മണ്ണിടിച്ചിലും കാരണം ഡാർജിലിങ്, അലിപുർദുവാർ എന്നിവയ്ക്കൊപ്പം കനത്ത നാശനഷ്ടമുണ്ടായ ജൽപായ്ഗുരി ജില്ല സന്ദർശിക്കുന്നതിനിടെയാണ് ബിജെപി പ്രതിനിധി സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. പ്രകൃതിക്ഷോഭത്തിൽ കുറഞ്ഞത് 24 പേർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഇന്ന് ദുരിതബാധിത ജില്ലകൾ സന്ദർശിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here