ഓസ്‌ട്രേലിയയുമായി സിഡ്‌നിയില്‍ നടന്ന മൂന്നാം ഏകദിന മത്സരത്തിനിടെ വാരിയെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ദിവസങ്ങളായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യയുടെ ഏകദിന വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ സുഖം പ്രാപിച്ച് വരുന്നതായി താരം തന്നെ സാമൂഹിക മധ്യമത്തിലൂടെ വ്യക്തമാക്കി. ക്യാച്ച് എടുക്കാന്‍ ഡൈവ് ചെയ്യുന്നതിനിടെ പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന 29 കാരനായ താരം തന്നെ പിന്തുണക്കുന്നവരോടും വിവരം അന്വേഷിച്ച് വിളിക്കുന്നവരോടും എല്ലാം നന്ദി അറിയിച്ചു. ഓരോ ദിവസവും ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി താരം വ്യക്തമാക്കി.
”ഞാന്‍ ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണ്. ഓരോ ദിവസവും കടന്നുപോകുന്നു. എനിക്ക് ലഭിച്ച എല്ലാ ആശംസകളും പിന്തുണയും കണ്ടതില്‍ ഞാന്‍ വളരെ നന്ദിയുള്ളവനാണ്. ഇത് വളരെയധികം അര്‍ത്ഥവത്താണ്. നിങ്ങളുടെ ചിന്തകളില്‍ എന്നെ നിലനിര്‍ത്തിയതിന് നന്ദി.”-ശ്രേയസ് അയ്യര്‍ തന്റെ എക്‌സ് എക്കൗണ്ടില്‍ കുറിച്ചു.
പരിക്കിലേക്ക് എത്തിയത് ഇങ്ങനെ
സിഡ്‌നിയില്‍ മൂന്നാം ഏകദിനത്തിന്റെ 34-ാം ഓവറിലായിരുന്നു പരിക്കേല്‍ക്കാനിടയായ സംഭവവികാസങ്ങള്‍ ഉണ്ടായത്. ഓസ്‌ട്രേലിയയുടെ അലക്‌സ് കെറിയെ പുറത്താക്കാനായി ഡൈവിംഗ് ക്യാച്ച് ശ്രമിക്കുകയായിരുന്നു അയ്യര്‍. പന്ത് പിടിച്ചെടുക്കാനായി മുന്നോട്ട് ആഞ്ഞ് ഡൈവ് ചെയ്ത താരം പക്ഷേ മറ്റൊരുതരത്തില്‍ വീണുപോകുകയായിരുന്നു. ആദ്യം ഇത് ചെറിയ ആഘാതമാണെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ വേദന കൊണ്ട് പുളഞ്ഞാണ് താരം അല്‍പ്പനേരം മൈതാനത്ത് ചിവിട്ടത്. ഉടന്‍ തന്നെ മെഡിക്കല്‍ ടീം എത്തി ശ്രേയസ് അയ്യറിനെ പുറത്തേക്ക് കൊണ്ടുപോയി വിശദപരിശോധനക്ക് വിധേയമാക്കി സിഡ്‌നി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് ഗുരുതരമാണെന്ന് അറിഞ്ഞതോടെ ആരാധകരില്‍ വലിയ ആശങ്ക ഉടലെടുത്തിരുന്നു. ശ്രേയസിന്റെ കൂട്ടുകാരും ബന്ധുക്കളുമെല്ലാം സിഡ്‌നിയിലേക്ക് എത്തിയിരുന്നു.

