പത്തനംതിട്ട: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ കൂടുതൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. സന്നിധാനത്തെ ദ്വാരപാലകരുടെ ശിൽപത്തിൽ 1999 ൽ സ്വർണ്ണം പൂശിയതായി ദേവസ്വം രജിസ്റ്ററും മഹസറും വ്യക്തമാക്കുന്നു. രേഖകളിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത് 1999 മെയ് 4ന് ദ്വാരപാലക ശിൽപത്തിൽ സ്വർണം പൊതിഞ്ഞിട്ടുണ്ട് എന്നാണ്. ദേവസ്വം കമ്മീഷണറുടെ ഉത്തരവ് പ്രകാരം 1999 മാർച്ച് 27 ന് ആണ് സ്വർണ്ണം പൊതിഞ്ഞത്. ഇത് വീണ്ടും സ്വർണ്ണം പൂശുന്നതിനായാണ് 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തത് എന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. ദേവസ്വം വിജിലൻസിന്റെ അന്വേഷണ രേഖകളിൽ നിന്നാണ് ഇക്കാര്യങ്ങളിൽ വ്യക്തത വന്നത്. സത്യം പുറത്തുവന്നതോടെ ചെമ്പെന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം പൊളിയുകയാണ്.
ദ്വാരപാലക ശിൽപ്പത്തിൽ സ്വർണം പൂശിയിരുന്നതായി നിർണായക മൊഴിയും പുറത്ത് വന്നിട്ടുണ്ട്. വിജയ് മല്യയുടെ സംഘത്തിലെ തൊഴിലാളിയാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് മൊഴി നൽകിയിരിക്കുന്നത്. രണ്ട് ശിൽപ്പങ്ങളിലായി 800 ഗ്രാം സ്വർണം പൂശിയിരുന്നു. ചെന്നൈ ജെ ജെ എൻ ജ്വല്ലറി ജീവനക്കാരാണ് ജോലി ചെയ്തത്. ദേവസ്വം വിജിലൻസിനോട് മാന്നാർ സ്വദേശിയാണ് സ്ഥിരീകരണം നൽകിയിരിക്കുന്നത്.
എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിക്കുകയാണ് ഉണ്ണികൃഷ്ണൻ പോറ്റി. തന്നത് ചെമ്പ് പാളിയാണെന്നും ദേവസ്വത്തിന്റെ രേഖകളിലും അതാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നുമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം. തനിക്ക് നൽകിയ പാളികളിൽ മുൻപ് സ്വർണം പൂശിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും അത് ഒരു പ്രദർശന വസ്തു ആക്കിയിട്ടില്ലെന്നും പോറ്റി പറഞ്ഞു. വിവാദവുമായി ബന്ധപ്പെട്ട് പലതും മാധ്യമങ്ങൾ കെട്ടിച്ചമയ്ക്കുന്നതാണ്. തനിക്ക് തന്ന ലെറ്ററിൽ ചെമ്പ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിന് മുകളിൽ സ്വർണ്ണം ഉണ്ടെന്ന് ഇപ്പോൾ ആണ് അറിയുന്നത്. സ്വർണപ്പാളി പ്രദർശന വസ്തു ആക്കിയിട്ടില്ലെന്നും ജയറാമിന്റെ വീട്ടിൽ കൊണ്ടു പോയിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് വ്യക്തമാക്കി. പീഠം ഫിറ്റ് ചെയ്യാൻ വാസുദേവൻ എന്നയാളെ ഏൽപ്പിച്ചിരുന്നു. വിവിഐപി എന്നൊരാളേയും കൊണ്ടു പോയിട്ടില്ല. താൻ പണപ്പിരിവ് നടത്തിട്ടുണ്ടെങ്കിൽ നടപടി എടുക്കട്ടെ. ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ വിളിച്ചാൽ ചെല്ലാൻ താൻ ബാധ്യസ്ഥനാണെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി പറഞ്ഞു.
അതിനിടെ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള എല്ലാ വിധ ഇടപാടുകൾ ദേവസ്വം ബോർഡ് അവസാനിപ്പിച്ചിട്ടുണ്ട്. സ്മാർട്ട് ക്രിയേഷൻസുമായി പോറ്റി മുഖേനയുള്ള വാറന്റി ദേവസ്വം ബോർഡ് ഉപേക്ഷിച്ചു. ഇനി സ്വന്തം നിലയിൽ നേരിട്ട് ഇടപാടുകൾ നടത്തുമെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചിട്ടുള്ളത്. 2019ൽ ചെന്നൈയിൽ സ്വർണം പൂശിയ ശേഷം പോറ്റിയുടെ പേരിലാണ് സ്മാർട്ട് ക്രിയേഷൻസ് വാറന്റി എഴുതിയത്. 40 വർഷത്തേക്കായിരുന്നു വാറന്റി. ഇത് ഉപേക്ഷിക്കുന്നതിലൂടെ ബോർഡിന് വരുന്നത് 18 ലക്ഷം രൂപയുടെ നഷ്ടമാണ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട വിവരണങ്ങൾ വെളിച്ചത്ത് വന്നതോടെയാണ് വാറന്റി ഉപേക്ഷിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുള്ളത്.

