കൊളംബോ: ഐസിസി വനിതാ ലോകകപ്പിൽ ഇന്ത്യാ – പാക് പോരാട്ടത്തിൽ പാക് പെൺപടയെ ഇന്ത്യൻ വനിതകൾ 88 റൺസിനാണ് പരാജയപ്പെടുത്തിയത്. ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യൻ പുരുഷ ടീം പാകിസ്ഥാനെ പരാജയപ്പെടുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു വനിതാ ക്രിക്കറ്റിലെ ഇന്ത്യാ – പാക് പോരാട്ടം. ഇതിലും തകർപ്പൻ വിജയമാണ് ഇന്ത്യ കൈവരിച്ചത്. ഇപ്പോഴിതാ, മത്സരത്തിനിടെ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് സൈബറിടങ്ങളിൽ വൈറലാകുന്നത്.
ഇന്ത്യയുടെ ബാറ്റിങ്ങിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും പാകിസ്ഥാൻ സ്പിന്നർ നഷ്ര സന്ധുവും തമ്മിലുണ്ടായ ‘ഉരസൽ’ ആണ് സൈബറിടങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. ഇന്ത്യൻ ഇന്നിങ്സിന്റെ ഇരുപത്തിരണ്ടാം ഓവറിലായിരുന്നു സംഭവം.
ആ സമയത്ത് ഹർമൻപ്രീത് 21 പന്തിൽ നിന്ന് 16 റൺസ് നേടി ബാറ്റ് ചെയ്യുകയായിരുന്നു. ഓവറിലെ നഷ്രയുടെ അഞ്ചാം പന്ത് ഹർമൻപ്രീത് ബൗണ്ടറി കടത്തി. തൊട്ടടുത്ത പന്ത്, ഹർമൻ ഡിഫൻഡ് ചെയ്തു. ഇതിനു പിന്നാലെ പന്തു കയ്യിലെടുത്ത നഷ്ര സന്ധു, ഹർമൻപ്രീതിനെ തുറിച്ചുനോക്കുകയായിരുന്നു. എന്നാൽ വളരെ ശാന്തമായിട്ടായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം.
നഷ്രയോട് ഹർമൻപ്രീത് എന്തോ പറയുന്നതായി ദൃശ്യങ്ങളിൽ കാണാമെങ്കിലും എന്താണ് സംസാരിച്ചതെന്നു വ്യക്തമല്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 34 പന്തിൽ 19 റൺസെടുത്ത ഹർമൻപ്രീതിനെ 25–ാം ഓവറിൽ ഡയാന ബെയ്ഗാണ് പുറത്താക്കിയത്. മത്സരത്തിൽ ഇന്ത്യൻ താരം ജെമിമ റോഡ്രിഗ്സിന്റെ വിക്കറ്റ് വീഴ്ത്തിയത് നഷ്ര സന്ധുവാണ്.
ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ വനിതകൾ ഉയർത്തിയ 248 റൺസ് എന്ന വിജയലക്ഷ്യം നേടാൻ പാകിസ്ഥാന് കഴിഞ്ഞില്ല. 159 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. വനിതാ ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം വിജയമാണ് പാകിസ്ഥാനെതിരെ നേടിയത്. അർദ്ധസെഞ്ചുറി നേടിയ സിദ്ര ആമിനാണ് പാകിസ്ഥാന് വേണ്ടി അല്പമെങ്കിലും മെച്ചപ്പെട്ട സ്കോർ നേടിയത്.
ഇന്ത്യ ഉയർത്തിയ 248 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് തുടക്കത്തിൽ തന്നെ കാലിടറിയിരുന്നു. 26 റൺസിനിടെ ടീമിന് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. മുനീബ അലി(2), സദഫ് ഷമാസ്(6), അലിയ റിയാസ്(2) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. എന്നാൽ നാലാം വിക്കറ്റിൽ സിദ്ര ആമിനും നതാലിയ പെർവൈസും ചേർന്ന് ടീമിനെ കരകയറ്റി. ഇരുവരും ചേർന്ന് ടീമിനെ നൂറിനടുത്തെത്തിച്ചു. 33 റൺസെടുത്ത നതാലിയയും പിന്നാലെ ക്യാപ്റ്റൻ ഫാത്തിമ സനയും(2) പുറത്തായി. അതോടെ ടീം 30.5 ഓവറിൽ 102-5 എന്ന നിലയിലായി.
ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ക്രീസിൽ നിലയറപ്പിച്ച് ബാറ്റേന്തിയ സിദ്ര ആമിനാണ് പാകിസ്ഥാനെ മുന്നോട്ടുനയിച്ചത്. താരം അർധസെഞ്ചുറി തികച്ചതോടെ ടീമിന് നേരിയ ജയപ്രതീക്ഷ കൈവന്നു. എന്നാൽ ഇന്ത്യ വിക്കറ്റ് വീഴ്ത്തി തിരിച്ചടിച്ചു. സിദ്ര നവാസ്(14), രമീൻ ഷമീം(0) എന്നിവർ കൂടാരം കയറി. പിന്നാലെ പാകിസ്ഥാന്റെ പ്രതീക്ഷയായിരുന്ന സിദ്ര ആമിനും പുറത്തായതോടെ ടീം പരാജയം മണത്തു. 106 പന്തിൽ 81 റൺസെടുത്താണ് താരം മടങ്ങിയത്. ഒടുവിൽ 159-ന് എല്ലാവരും പുറത്തായി.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 247 റൺസിന് പുറത്തായിരുന്നു. പാകിസ്താനെതിരേ ഭേദപ്പെട്ട തുടക്കമായിരുന്നു ഇന്ത്യയുടേത്. ഓപ്പണർമാരായ പ്രതിക റാവലും സ്മൃതി മന്ദാനയും പാക് ബൗളർമാരെ ശ്രദ്ധയോടെയാണ് നേരിട്ടത്. 23 റൺസെടുത്ത മന്ദാനയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പിന്നാലെ 31 റൺസെടുത്ത പ്രതികയും പുറത്തായി. മൂന്നാം വിക്കറ്റിൽ ഹർലീൻ ഡിയോളും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമാണ് ചേർന്ന് ഇന്ത്യയെ നൂറുകടത്തി. 19 റൺസ് മാത്രമെടുത്ത് ഹർമൻപ്രീത് കൗർ മടങ്ങിയെങ്കിലും ജമീമ റോഡിഗ്രസുമായി ചേർന്ന് ഡിയോൾ ടീമിനെ 150 കടത്തി.
ഒടുവിൽ 65 പന്തിൽ നിന്ന് 46 റൺസെടുത്താണ് ഡിയോൾ പുറത്തായത്. നാല് ഫോറുകളും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ജെമീമ 32 റൺസെടുത്തപ്പോൾ ദീപ്തി ശർമ(25), സ്‌നേഹ റാണ(20) എന്നിവരും ഇന്ത്യൻ സ്‌കോറിലേക്ക് സംഭാവന നൽകി. അവസാനഓവറുകളിൽ റിച്ച ഘോഷ് വെടിക്കെട്ട് നടത്തിയതോടെ ഇന്ത്യൻ സ്‌കോർ 247-ലെത്തി. റിച്ച ഘോഷ് 20 പന്തിൽ നിന്ന് 35 റൺസെടുത്തു. മൂന്ന് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു റിച്ചയുടെ ഇന്നിങ്‌സ്. പാകിസ്ഥാനായി ഡയാന ബൈഗ് നാല് വിക്കറ്റെടുത്തു.
അതേസമയം മത്സരത്തിന് മുമ്പ് പാകിസ്ഥാൻ വനിതാ ടീമിന്റെ ക്യാപ്റ്റൻ ഫാത്തിമ സനയ്ക്ക് ഹസ്തദാനം നൽകാൻ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ തയ്യാറായില്ല. ടോസിന് ശേഷം ഇരുടീമിന്റെയും ക്യാപ്റ്റന്മാർ ബ്രോഡ്കാസ്റ്ററോട് പ്രതികരിച്ച ശേഷം മടങ്ങി. ഏഷ്യാകപ്പിൽ സ്വീകരിച്ച അതേ സമീപനം തന്നെ വനിതാ ലോകകപ്പിലും ഇന്ത്യ തുടരുകയായിരുന്നു. ഇക്കാര്യം നേരത്തേ ബിസിസിഐ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ടോസ് സമയത്ത് മാത്രമല്ല, മത്സരത്തിന് ശേഷവും പാക് താരങ്ങളുമായി കൈകൊടുക്കില്ല. ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്നും താരങ്ങൾ മത്സരത്തിലാണ് ശ്രദ്ധകൊടുക്കേണ്ടതെന്നുമാണ് ദേവജിത് സൈക്കിയ പ്രതികരിച്ചത്.

