കോഴിക്കോട് പേരാമ്പ്ര സംഘർഷം; ഷാഫി പറമ്പിൽ എംപിയടക്കമുള്ള യുഡിഎഫ് നേതാക്കൾക്കെതിരെ കേസ്

0

കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ് നടത്തിയ പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപി, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ എന്നിവർ ഉൾപ്പെടെ എട്ട് യുഡിഎഫ് നേതാക്കൾക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു. നേതാക്കൾക്ക് പുറമെ കണ്ടാൽ തിരിച്ചറിയാവുന്ന 692 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, സംഘർഷത്തിൽ സിപിഎം പ്രവർത്തകർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചു, കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പ്രധാനമായും കേസെടുത്തിരിക്കുന്നത്. പ്രകടനത്തിനിടെ പോലീസിനെതിരെ കല്ലെറിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചു എന്ന ആരോപണമാണ് എഫ്ഐആറിൽ പ്രധാനമായും ഉന്നയിച്ചിട്ടുള്ളത്. ഇതുകൂടാതെ, അന്യായമായി സംഘം ചേരൽ (Unlawful Assembly), ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പോലീസ് ലാത്തിച്ചാർജിൽ പാലക്കാട് എംപി ഷാഫി പറമ്പിലിന് ഗുരുതരമായി പരിക്കേൽക്കുകയും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രതിഷേധ പ്രകടനത്തിനു നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിലാണ് എംപിക്ക് പരിക്കേറ്റത്. എംപിക്ക് ലാത്തിയടിയേൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മുഖത്തും കൈകൾക്കും കാലിനുമാണ് പരിക്കേറ്റത്.

പരിശോധനയിൽ എംപിയുടെ മൂക്കിന്റെ രണ്ട് എല്ലുകൾക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തി. തുടർന്ന്, രാത്രി തന്നെ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. എംപിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഇഎൻടി സർജൻ ഡോ. അഭിലാഷ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here