മരംമുറിക്കിടെ തോളെല്ലിന് പരിക്ക്; മാവിൽ കുടുങ്ങിയ തൊഴിലാളിയെ കോതമംഗലത്ത് ഫയർഫോഴ്സ് രക്ഷപ്പെടുത്തി

0

കൊച്ചി: കോതമംഗലം-കോട്ടപ്പടി പഞ്ചായത്തിലെ നാഗഞ്ചേരി പാനിപ്രയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരംമുറിക്കുന്നതിനിടെ തോളെല്ലിന് പരിക്കേറ്റ അസം സ്വദേശിയായ തൊഴിലാളിയെ മരത്തിന് മുകളിൽ നിന്ന് ഫയർഫോഴ്‌സ് സുരക്ഷിതമായി താഴെയിറക്കി. നാഗഞ്ചേരി പാനിപ്ര സ്വദേശി സദ്ദാം ഹുസൈനാണ് (32) ഗുരുതരമായ പരിക്കുകളോടെ ഏകദേശം 70 ഇഞ്ച് വണ്ണമുള്ള മാവിൻ്റെ ശിഖരങ്ങൾ മുറിക്കുന്നതിനിടെ മരത്തിൽ കുടുങ്ങിയത്.

മരംമുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ സദ്ദാം ഹുസൈൻ്റെ തോളെല്ലിന് പരിക്കേൽക്കുകയും ഇദ്ദേഹത്തിന് സ്വയം താഴെയിറങ്ങാൻ കഴിയാതെ മരത്തിൽ കുടുങ്ങുകയുമായിരുന്നു. വിവരമറിഞ്ഞ് ഉടൻ തന്നെ കോതമംഗലം അഗ്നിരക്ഷാ സേന സ്ഥലത്തെത്തി.

ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ഏകദേശം ഒരു മണിക്കൂറോളം നീണ്ട കഠിനപ്രയത്‌നത്തിലൂടെയാണ് തൊഴിലാളിയെ രക്ഷിച്ചത്. അപകടത്തിൽപ്പെട്ടയാളെ സുരക്ഷിതമായി താഴെയെത്തിക്കാൻ അഗ്നിരക്ഷാ സേനയുടെ ലാഡർ റോപ്പ്, സേഫ്റ്റി ഹാർനെസ് തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ചു.

രക്ഷാപ്രവർത്തനത്തിനുശേഷം ഉടൻ തന്നെ ഇയാളെ സേനയുടെ ആംബുലൻസിൽ ഉച്ചയോടെ കോതമംഗലം മാർ ബസോലിയസ് ആശുപത്രിയിൽ എത്തിച്ചു.

രക്ഷാപ്രവർത്തനങ്ങൾക്ക് കോതമംഗലം അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ സതീഷ് ജോസ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സിദ്ദിഖ് ഇസ്മായിൽ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആബിദ്, വി.എം. ഷാജി, പി.കെ. ശ്രീജിത്ത്, ബേസിൽ ഷാജി, വിഷ്ണു മോഹൻ, എ. അംജിത്ത്, ആർ. മഹേഷ്, ഹോംഗാർഡ്മാരായ പി. ബിനു, എം. സേതു, ജിയോബിൻ ചെറിയാൻ എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here