ഡൽഹി: കോൺഗ്രസ് നേതാവും ഇന്ത്യൻ മുൻ ക്രിക്കറ്റ് താരവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ മുസ്ലിം വിഭാഗത്തിലെ ഏക മന്ത്രിയാണ് ഇദ്ദേഹം. തെലങ്കാന ഗവർണർ ജിഷ്‌ണു ദേവ് വർമ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഏറെനാളായി ഒഴിവുണ്ടായിരുന്ന മന്ത്രിസഭയിലെ മുസ്ലിം പ്രാതിനിധ്യമാണ് അദ്ദേഹത്തിന്റെ വരവോടെ നികത്തപ്പെടുന്നത്. മുഹമ്മദ് അസ്ഹറുദ്ദീൻ മന്ത്രിയായി ചുമതലയേറ്റതോടെ മന്ത്രിസഭയിലെ അംഗബലം 16 ആയി ഉയർന്നു. മന്ത്രിസഭയിൽ ഇനി 2 ഒഴിവുകളാണുള്ളത്. നിയമസഭയുടെ അംഗബലം അനുസരിച്ച് തെലങ്കാനയ്ക്ക് 18 മന്ത്രിമാർ വരെയാകാം.
കഴിഞ്ഞ ആഗസ്റ്റിൽ ഗവർണറുടെ ക്വാട്ടയിൽ എംഎൽസിയായി നാമനിർദേശം ചെയ്യപ്പെട്ട അസ്ഹറുദ്ദീനെ മന്ത്രിസഭയില്‍ ഉൾപ്പെടുത്താനുള്ള സംസ്ഥാന കോണ്‍ഗ്രസിന്റെ നിർദ്ദേശത്തിന് എഐസിസി അംഗീകാരം നൽകിയിരുന്നു. ന്യൂനപക്ഷ വോട്ടുകൾ നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന ജൂബിലി ഹിൽസ് ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നീക്കം. അതേസമയം സർക്കാരിന്റെത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ബിജെപി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകുമെന്നും ബിജെപി അറിയിച്ചു. ബിആർഎസ് എംഎൽഎയുടെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജൂബിലി ഹിൽസ് മുപ്പത് ശതമാനത്തോളം മുസ്ലിം പ്രാതിനിധ്യം ഉള്ള മണ്ഡലമാണ്.

