ആശുപത്രികളിലെ ജീവനക്കാർക്ക് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച; നവംബർ ഒന്നു മുതൽ നിസ്സഹകരണ സമരം; പ്രഖ്യാപനവുമായി കെജിഎംഒഎ

0

തിരുവനന്തപുരം: ആശുപത്രികളിലെ ജീവനക്കാർക്ക് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച. നവംബർ ഒന്നു മുതൽ നിസ്സഹകരണ സമരം പ്രഖ്യാപിച്ച് കെജിഎംഒഎ. രോഗിപരിചരണം ഒഴികെയുള്ള മറ്റു ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ആക്രമണത്തിനിരയായ ഡോ. വിപിന്റെ ചികിത്സാച്ചിലവ് പൂർണമായി സർക്കാർ ഏറ്റെടുക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.

സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിൽ സംവിധാനങ്ങൾ പരാജയപ്പെടുന്നു എന്നത് തികച്ചും നിരാശാജനകമാണെന്നും സംഘടന അഭിപ്രായപ്പെട്ടു. ആശുപത്രികളെ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണമെന്ന സംഘടനയുടെ ദീർഘകാലമായുള്ള ആവശ്യം യാഥാർഥ്യമായിട്ടില്ല. ഡോ.വന്ദന ദാസിന്റെ കൊലപാതകത്തെത്തുർന്നുള്ള പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങളിൽ പലതും ഇനിയും നടപ്പിലായിട്ടില്ലെന്നും സംഘടനയുടെ പ്രസ്താവനയിൽ ആരോപിക്കുന്നു.

എല്ലാ കാഷ്വാലിറ്റികളിലും ട്രയേജ് സംവിധാനം (രോഗിയെ ഗുരുതരാവസ്ഥയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുക) നടപ്പിലാക്കണം, കാഷ്വാലിറ്റികളിൽ ഒരു ഷിഫ്റ്റിൽ രണ്ട് സിഎംഒമാരുടെ സേവനം ഉറപ്പാക്കണം, പൊലീസ് എയ്ഡ്‌പോസ്റ്റ് ഉറപ്പാക്കുക, സിസിടിവി സംവിധാനം ഉറപ്പുവരുത്തുക, തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന മുന്നോട്ട് വെക്കുന്നത്. ആവശ്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ചില്ലെങ്കിൽ കൂടുതൽ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here