തൃശ്ശൂർ: പൂരപ്പറമ്പുകളിലെ പ്രമുഖ താരവും തലയെടുപ്പിന്റെ പ്രതീകവുമായിരുന്ന കൊമ്പൻ കൊണാർക്ക് കണ്ണൻ ഓർമ്മയായി. തൃശ്ശൂർ തെക്കേപ്പുറത്തുള്ള കെട്ടുതറിയിൽ വെച്ച് ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ആന ചരിഞ്ഞത്.
കുറച്ചുകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്ന കണ്ണൻ, കഴിഞ്ഞ ഒരാഴ്ചയായി തീരെ അവശനിലയിലായിരുന്നു. ദഹനപ്രശ്നങ്ങളോടൊപ്പം മറ്റ് പല അസുഖങ്ങളും കൊമ്പനെ അലട്ടിയിരുന്നു. അവസാന നാളുകളിൽ നൽകിയ മരുന്നുകളോടും ആന കാര്യമായ പ്രതികരണം നൽകിയില്ല. തുടർന്നാണ് ഇന്ന് രാവിലെ ജീവൻ വെടിഞ്ഞത്.
പ്രശസ്തമായ പൂരങ്ങളിലും ഉത്സവങ്ങളിലും സ്ഥിര സാന്നിധ്യമായിരുന്ന കൊണാർക്ക് കണ്ണൻ, ആനപ്രേമികളുടെ ഇഷ്ട്ടകൊമ്പനായിരുന്നു. കുന്നംകുളം സ്വദേശിയായ കൊണാർക്ക് ബിനോയിയുടെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു കൊണാർക്ക് കണ്ണൻ.

