തൃശ്ശൂർ: മണ്ണുത്തി ബൈപ്പാസ് ജംഗ്ഷന് സമീപം പുലർച്ചെ നടന്നത് ചലച്ചിത്രരംഗത്തെപ്പോലും വെല്ലുന്ന കൊള്ള. ചായക്കടയിൽ ഇരുന്ന എടപ്പാൾ സ്വദേശി മുബാറക്കിൽനിന്ന് അജ്ഞാത സംഘം 75 ലക്ഷം രൂപ തട്ടിയെടുത്ത് കാറിൽ കടന്നുകളഞ്ഞു.
ശനിയാഴ്ച പുലർച്ചെ 4.30-നാണ് സംഭവം. ബെംഗളൂരുവിൽനിന്ന് സ്വകാര്യ ബസിൽ എത്തിയ മുബാറക്ക് മണ്ണുത്തിയിൽ ഇറങ്ങി സമീപത്തെ ചായക്കടയിലേക്ക് പോയി. അപ്പോഴാണ് കാറിൽ എത്തിയ അഞ്ചംഗസംഘം അപ്രതീക്ഷിതമായി മുബാറക്കിനെ വളഞ്ഞത്. ചെറു വാക്കുതർക്കത്തിനിടെ പണമടങ്ങിയ ബാഗ് പിടിച്ചുപറിച്ച സംഘം കാറിൽ കയറി സ്ഥലം വിടുകയായിരുന്നു.
ബാഗിൽ കാർ വിറ്റ് കിട്ടിയ പണമായിരുന്നു ഉണ്ടായിരുന്നതെന്ന് മുബാറക്ക് പൊലീസിന് മൊഴി നൽകി. സംഘമെത്തിയ കാറിന്റെ മുൻനമ്പറും പിൻനമ്പറും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും മുബാറക്ക് അറിയിച്ചു. സംഭവത്തിൽ ഒല്ലൂർ എസിപിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. മണ്ണുത്തി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് സംഘത്തെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്.

