ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ വീട്ടിലെ 13 മണിക്കൂർ നീണ്ട ഇ ഡി റെയ്‌ഡ്‌ പൂർത്തിയായി

0

ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ED ഉദ്യോഗസ്ഥർ നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ നടത്തിയ 13 മണിക്കൂർ നീണ്ട റെയ്‌ഡ്‌ പൂർത്തിയായി. രാത്രി 8 മണിയോടുകൂടിയാണ് പരിശോധന പൂർത്തിയായത്. വാഹനങ്ങളുടെ രേഖകൾ, ഉടമസ്ഥ വിവരങ്ങൾ, പണം നൽകിയ രീതി തുടങ്ങിയ വിവരങ്ങളാണ് ഇ ഡി നടനിൽ നിന്നും തേടിയത്. ഭൂട്ടാൻ ആഢംബര കാർ കടത്തുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാനെ ഇന്ന് രാവിലെയാണ് ഇഡി കൊച്ചിയിലേക്ക് വിളിപ്പിച്ചത്.

ഭൂട്ടാൻ വാഹനക്കടത്തിൽ ഹവാല ഉൾപ്പെടെ അനധികൃത സാമ്പത്തിക ഇടപാടുകൾ നടന്നുവെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു ഇ ഡി പരിശോധന. ദുൽഖർ സൽമാന്റെ ചെന്നൈയിലെ വീട്ടിലും ഓഫീസുകളിലും പരിശോധന നടന്നു. തുടർന്ന് ചെന്നൈയിൽ ആയിരുന്ന താരത്തിന്റെ മൊഴിയെടുക്കാനായി ഇ ഡി കൊച്ചിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

നടന്മാരായ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകൾ അടക്കം 17 ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലെത്തിയ വാഹനങ്ങൾ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷൻ നുംഖോറിന് പിന്നാലെയാണ് ഇപ്പോൾ ഇഡി പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്.

ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസ് എടുത്തതിനെ പിന്നാലെ തന്നെ ഇഡി പ്രാഥമിക വിവരശേഖരണം നടത്തിയിരുന്നു. പിന്നാലെയാണ് താരങ്ങളുടെ അടക്കം വീട്ടിലെ റെയ്ഡ്. ഫെമ നിയമലംഘനങ്ങളും ഹവാലാ ഇടപാടുകളും കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇഡി പറയുന്നത്. ദുൽഖറിൻറെ മൂന്ന് വീടുകളിലാണ് പരിശോധന. പൃഥ്വിരാജിൻറെ തേവരയിലെ ഫ്‌ലാറ്റിലും അമിത് ചക്കാലക്കലിൻറെ കൊച്ചിയിലെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്ത ശേഷം ഇസിഐആർ രജിസ്റ്റർ ചെയ്യാനാണ് നീക്കം.

ദുൽഖർ സൽമാൻറെ ചെന്നൈയിലെ നിർമാണ കമ്പനിയിലും വാഹനക്കടത്ത് സംഘം സജീവമാണെന്ന് കണ്ടെത്തിയ കസ്റ്റംസ് കോയമ്പത്തൂരും പരിശോധന നടത്തുന്നുണ്ട്. താരങ്ങൾക്ക് പുറമേ വാഹന ഡീലർമാരുടെ വീടുകളും വർക്ക്‌ഷോപ്പുകളും കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. തൃശൂർ പാലിയേക്കരയിലുള്ള ബാഡ് ബോയ് എന്ന ആഡംബര വാഹന സ്ഥാപനത്തിലും കോഴിക്കോട് തൊണ്ടയാടുള്ള കാർ ഷോറൂമിലും ഇടുക്കി അടിമാലിയിലെ ഗാരേജിലും ഇടി പരിശോധന നടത്തുന്നുണ്ട്. അടിമാലിയിലെ ഗാരേജിൽ നിന്നും നേരത്തെ തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ കാർ കസ്റ്റഡിയിൽ എടുത്തിരുന്നു.

കഴിഞ്ഞ മാസമാണ് സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ തുടങ്ങിയ താരങ്ങളുടെയും മറ്റ് ചിലരുടേയും വീടുകളിൽ കസ്റ്റംസ് പരിശോധന നടത്തി വാഹനങ്ങൾ പിടിച്ചെടുത്തത്. രണ്ട് ഘട്ടമായി ദുൽഖറിന്റെ രണ്ട് വാഹനമാണ് പിടിച്ചെടുത്തത്. നിയമപരമായ എല്ലാ രേഖകളും കൈവശമുണ്ടെന്നും അത് പരിശോധിക്കാതെ കസ്റ്റംസ് വാഹനം കൊണ്ടുപോയെന്നുമാണ് ദുൽഖർ ഹർജിയിൽ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here