പത്തനംതിട്ട: ആറന്മുള വള്ളസദ്യയിൽ ആചാരലംഘനം. അഷ്ടമിരോഹിണി വള്ളസദ്യയിൽ നടന്ന ആചാര ലംഘനത്തെ ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡിന് തന്ത്രിയുടെ കത്ത് ലഭിച്ചു. ഇതിന് പിന്നാലെ ആക്ഷേപം ഉയർന്നു. ‘ദേവന് നേദിക്കും മുൻപ് മന്ത്രിക്ക് സദ്യ വിളമ്പി’ എന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. ആചാരം അങ്ങനെ അല്ലെന്നും, പരിഹാര ക്രിയ ഉടനടി ഉണ്ടാകണമെന്നുമാണ് കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. പരിഹാരക്രിയക്ക് എന്ത് ചെയ്യണമെന്നും കത്തിൽ വിശദമാക്കുന്നുണ്ട്.
അഷ്ടമിരോഹിണി വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘത്തിലെ മുഴുവൻ പേരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ഭരണ ചുമതലയിലുള്ള ദേവസ്വം അസിസ്റ്റൻറ് കമ്മീഷണറും ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ഉൾപ്പെടെ ദേവന് മുന്നിൽ ഉരുളിവെച്ച് എണ്ണപ്പണം സമർപ്പിക്കണമെന്നാണ് നിർദ്ദേശം. പരസ്യമായി ചെയ്യണമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
‘കഴിഞ്ഞ അഷ്‌ടമി രോഹിണി ദേവൻ സ്വീകരിച്ചിട്ടില്ല, അതിനാൽ പരിഹാരക്രിയകൾ ചെയ്യണം’ എന്ന് കത്തിൽ തന്ത്രി കർശനമായി നിർദേശിക്കുന്നു. 11 പറ അരിയുടെ സദ്യ വയ്ക്കണം. തിടപ്പള്ളിയിൽ ഒരു പറ അരിയുടെ നേദ്യവും നാലു കറിയും പാകംചെയ്യണം. സദ്യ ദേവന് സമർപ്പിച്ച ശേഷം എല്ലാവർക്കും വിളമ്പണം. ഇത്തരം ഒരു അബദ്ധം പറ്റില്ലെന്ന് സത്യം ചെയ്യണം എന്നും തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദേവസ്വം ബോര്‍ഡിന് അയച്ച കത്തിൽ പറയുന്നു.
ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ പല്ലിയോട സേവാ സംഘം നേരത്തെ രംഗത്തെത്തിയിരുന്നു. വള്ളസദ്യയെ ദേവസ്വം ബോർഡ് വാണിജ്യവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്നും ദേവസ്വം ബോർഡിന്റെ ഇടപെടൽ ആചാരലംഘനം ആണെന്നും പള്ളിയോടസേവാ സംഘം ആരോപിച്ചിരുന്നു. ഞായറാഴ്ചകളിൽ വള്ളസദ്യ നടത്തുന്നതിനെതിരെ പള്ളിയോടസേവാ സംഘം ദേവസ്വംബോർഡിന് കത്ത് നൽകി. വള്ളസദ്യയുടെ പവിത്രതയും ആചാരപരമായ പ്രാധാന്യവും നിലനിർത്തുന്നതിൽ ദേവസ്വം ബോർഡ് വീഴ്ച വരുത്തുന്നുവെന്നും പള്ളിയോടസേവാ സംഘം കുറ്റപ്പെടുത്തി.

