സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശിയായ 85 വയസുകാരി

0

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. കല്ലറ തെങ്ങുംകോട് സ്വദേശിനി സരസമ്മ (85) ആണ് മരിച്ചത്. കഴിഞ്ഞ 17 ദിവസങ്ങളായി സരസമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.

ഈ ആഴ്ച മാത്രം സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ ആളാണ് സരസമ്മ. ഇന്നലെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം ചിറയിൻകീഴ് അഴൂർ സ്വദേശിനി വസന്ത (77)മരിച്ചിരുന്നു. ഇതോടെ ഈ വർഷം സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 32 ആയി. ഈ മാസം മാത്രം 62 പേര്‍ക്കു രോഗം ബാധിക്കുകയും 11 പേര്‍ മരിക്കുകയും ചെയ്തു. പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താൻ കഴിയാത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം?

കെട്ടിക്കിടക്കുന്ന അല്ലെങ്കിൽ ഒഴുക്കുള്ള ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ ,സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ്ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.

രോഗ ലക്ഷണങ്ങൾ

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കുവാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ.

കുഞ്ഞുങ്ങളിൽ പൊതുവായി കാണപ്പെടുന്ന രോഗലക്ഷണങ്ങൾ

ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ എന്നിവ.

രോഗം ഗുരുതരാവസ്ഥയിലായാൽ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകുന്നു. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നവർ ആ വിവരം ഡോക്ടറെ അറിയിക്കണം.

അമീബിക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനുള്ള മാർഗങ്ങൾ

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതുംഡൈവ് ചെയ്യുന്നതും ഒഴിവാക്കണം.
വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.
ജലസ്രോതസ്സുകളിൽ കുളിക്കുമ്പോൾ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കണം.
മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും പൂർണ്ണമായും ഒഴിവാക്കണം.

നീന്തൽ കുളങ്ങളിൽ പാലിക്കേണ്ട ശുചിത്വ നിർദേശങ്ങൾ

ആഴ്ചയിൽ ഒരിക്കൽ വെള്ളം പൂർണമായും ഒഴുക്കി കളയണം.
സ്വിമ്മിംഗ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകണം.
പ്രതലങ്ങൾ നന്നായി ഉണങ്ങുവാൻ അനുവദിക്കണം.
നീന്തൽ കുളങ്ങളിലെ ഫിൽറ്ററുകൾ വൃത്തിയാക്കി ഉപയോഗിക്കണം.
പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തതിനുശേഷം ഉപയോഗിക്കണം.
വെള്ളത്തിൻറെ അളവിനനുസരിച്ച് 5 ഗ്രാം ക്ലോറിൻ/ 1000 ലിറ്റർ വെള്ളത്തിന് ആനുപാതികമായിക്ലോറിനേറ്റ് ചെയ്യണം.
ക്ലോറിൻ ലെവൽ 0.5 പി.പി.എം മുതൽ 3 പി.പി.എം ആയി നിലനിർത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here