നേപ്പാളിൽ നിന്ന് ആളെക്കൂട്ടിയെത്തി; ഇന്ത്യയിൽ ഗുണ്ടാ തലവനായി; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഭീം ജോറയെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു

0

ന്യൂഡൽഹി: ഇന്ത്യയിൽ ഭീകരമായ കുറ്റകൃത്യങ്ങൾ നടത്തിവന്നിരുന്ന നേപ്പാൾ സ്വദേശിയായ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഭീം മഹാബഹാദൂർ ജോറയെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. നിരവധി കൊലപാതക കേസുകളിലും കവർച്ചകളിലും പ്രതിയായിരുന്ന ഭീം ജോറയെ ഡൽഹി പോലീസും ഗുരുഗ്രാം ക്രൈംബ്രാഞ്ചും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇല്ലാതാക്കിയത്. ഡൽഹിയിലെ ആസ്തകുഞ്ച് പാർക്കിന് സമീപം തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

ഭീം ജോറയും അയാളുടെ ഒരു കൂട്ടാളിയും ആസ്തകുഞ്ച് പാർക്കിന് സമീപത്തുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഗുരുഗ്രാം ക്രൈംബ്രാഞ്ചിലെയും ഡൽഹി പോലീസിലെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. പോലീസ് സംഘം ജോറയുടെ സമീപം നിലയുറപ്പിച്ചു. എന്നാൽ, തങ്ങളെ വളഞ്ഞതായി മനസ്സിലാക്കിയതോടെ ഭീം ജോറ പോലീസുകാർക്ക് നേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. ഈ സാഹചര്യത്തിൽ പോലീസും പ്രതിരോധമായി വെടിയുതിർക്കുകയായിരുന്നു. കീഴടങ്ങാനായി പോലീസ് പലതവണ ആവശ്യപ്പെട്ടെങ്കിലും ജോറ വെടിവെപ്പ് തുടർന്നു. തുടർന്ന് നടന്ന ശക്തമായ തിരിച്ചടിയിൽ ഭീം ജോറയ്ക്ക് വെടിയേറ്റു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. അതേസമയം, ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു.

കൊലപാതകം, വൻ കവർച്ചകൾ എന്നിവ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രധാന പ്രതിയായിരുന്നു ഭീം ജോറ. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് നേരത്തെ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ ഗുരുഗ്രാമിലെ ഒരു ബിജെപി നേതാവിന്റെ വീട്ടിൽ നടന്ന 20 ലക്ഷം രൂപയുടെ കവർച്ചയിലും ഇയാൾക്ക് മുഖ്യപങ്കുണ്ടായിരുന്നു.

നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയ ഭീം ജോറ, സ്വന്തം നാട്ടുകാരായ ആളുകളെ ഉപയോഗിച്ചാണ് ഒരു കവർച്ചാ സംഘത്തിന് രൂപം നൽകിയത്. 2024-ൽ ഡോ. യോഗേഷ് ചന്ദ്രപോൾ എന്ന 63-കാരനെ കവർച്ചാശ്രമത്തിനിടെ കൊലപ്പെടുത്തിയ കേസിലും ഭീം ജോറ പ്രതിയാണ്. ഡോക്ടറുടെ കൊലപാതകത്തിന് ശേഷം ഏകദേശം 17 മാസത്തോളമായി ഇയാൾ പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു.

ഭീം ജോറയുടെ ക്രിമിനൽ രീതി വളരെ ആസൂത്രിതമായിരുന്നു. നേപ്പാളിൽ നിന്നുള്ള യുവാക്കളെയും സ്ത്രീകളെയും ഇന്ത്യയിലെത്തിച്ച് അവർക്ക് വ്യാജ ആധാർ കാർഡുകൾ ഉൾപ്പെടെയുള്ള രേഖകൾ സംഘടിപ്പിച്ചു നൽകിയിരുന്നു. തുടർന്ന് ഡൽഹി, മുംബൈ, ഗുരുഗ്രാം, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ സമ്പന്നരുടെയും ഉന്നതരുടെയും വീടുകളിൽ ജോലിക്കായി ഇവരെ വിടും. വീട്ടുജോലിക്കാരായി പ്രവേശിക്കുന്ന ഇവർ ഉടൻ തന്നെ വീട്ടുടമകളുടെ വിശ്വാസം നേടിയെടുക്കും. ഈ അവസരം മുതലെടുത്താണ് ഭീം ജോറ വൻ കവർച്ചകൾ ആസൂത്രണം ചെയ്തിരുന്നത്. മോഷണം വിജയകരമായി പൂർത്തിയാക്കിയ ശേഷം പ്രതികൾ നേപ്പാളിലേക്ക് രക്ഷപ്പെടുന്നതായിരുന്നു ഇവരുടെ പതിവ് രീതി.

LEAVE A REPLY

Please enter your comment!
Please enter your name here