അഡിസ് അബാബ: എത്യോപ്യയിലെ അംഹാര മേഖലയിൽ നിർമ്മാണത്തിലിരുന്ന മാതാവിന്റെ പള്ളി കെട്ടിടം തകർന്ന് 25 മരണം. ബുധനാഴ്ചചുമരുകളിലെ പണികൾക്കായി നിർമ്മിച്ച തട്ട് പൊളിഞ്ഞ് വീണാണ് അപകടമുണ്ടായത്.
നിരവധി ആളുകൾ മാതാവിന്റെ പെരുന്നാളിനായി പള്ളിയിൽ ഒത്തു ചേർന്ന സമയത്താണ് അപകടമുണ്ടായത്. പള്ളികെട്ടിടത്തിലെ മച്ചിന്റെ ഭാഗത്ത് വരച്ച മ്യൂറൽ ചിത്രങ്ങൾ കാണാനായി നിരവധിപ്പേരാണ് നിർമ്മാണ പണികൾക്കായി ഉണ്ടാക്കിയ മരത്തിന്റെ തട്ടുകളിലേക്ക് കയറിയത്. നിരവധിപ്പേർ കയറിയതോടെ ഭാരം താങ്ങാനാവാതെ തട്ട് ഒടിഞ്ഞ് വീഴുകയായിരുന്നു. ഇതോടെ കെട്ടിടത്തിന്റെ മുകൾ ഭാഗത്തേക്ക് കയറാൻ ശ്രമിച്ചവരെല്ലാം തന്നെ താഴേയ്ക്ക് വീഴുകയായിരുന്നു.
മരിച്ച പേരിൽ കുട്ടികളും പ്രായമായവരും ഉൾപ്പെടുന്നു. നൂറിലേറെ പേർക്ക് പരിക്കേറ്റു. റെഡ് ക്രോസ് പ്രവർത്തകർ അടക്കം അപകടമേഖലയിലേക്ക് എത്തിയിട്ടുണ്ട്. പരിക്കേറ്റവരിൽ മിക്കവരുടേയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും ഉയരുമെന്ന സൂചനയാണ് പ്രാദേശിക ഭരണകൂടം നൽകുന്നത്.

