ബന്ദികളാക്കിയത് സിനിമ ഓഡീഷനെത്തിയ 20 കുട്ടികളെ; അതിസാഹസികമായി കുട്ടികളെ മോചിപ്പിച്ച് കമാൻഡോ സംഘം; വെടിയേറ്റ സ്റ്റുഡിയോ ജീവനക്കാരൻ മരിച്ചതായി റിപ്പോർട്ട്

0

മുംബൈ: സ്റ്റുഡിയോയിൽ സിനിമ ഒഡീഷന് എത്തിയ 20 കുട്ടികളെ ബന്ദികളാക്കി സ്ഥാപനത്തിലെ ജീവനക്കാരൻ. അതി സാഹസികമായി കുട്ടികളെ മോചിപ്പിച്ച് മുംബൈ പോലീസ്. പോലീസി​ന്റെ വെടിയേറ്റ ജീവനക്കാരൻ മരിച്ചു. മുംബൈയിലെ ആർ.എ. സ്റ്റുഡിയോയിലാണ് കുട്ടികൾ ഓഡീഷനെത്തിയത്. ഈ സ്ഥാപനത്തിലെ ജീവനക്കാരനായ രോഹിത് ആര്യ എന്നയാൾ കുട്ടികളെ തടവിലാക്കുകയായിരുന്നു. കമാൻഡോ ഓപ്പറേഷനിലൂടെയാണ് ഇയാളെ പോലീസ് കീഴ്പ്പെടുത്തിയത്.

വ്യാഴാഴ്ച രാവിലെയായിരുന്നു രോഹിത് ആര്യ കുട്ടികളെ തടവിലാക്കിയത്. മുംബൈയിലെ പൊവായിയിലുള്ള ആർ.എ. സ്റ്റുഡിയോയിൽ ഒഡീഷന് എത്തിയതായിരുന്നു കുട്ടികൾ. 20 കുട്ടികളേയാണ് തടവിലാക്കിയത്. തുടർന്ന് ഇയാൾ വീഡിയോ സന്ദേശത്തിൽ കുട്ടികളെ ബന്ദികളാക്കിയ കാര്യം അറിയിക്കുകയായിരുന്നു.

തുടർന്ന് അതിനാടകീയ നീക്കത്തിനൊടുവിലാണ് പ്രതിയെ പോലീസ് കീഴ്പ്പെടുത്തിയത്. മണിക്കൂറുകൾ നീണ്ട കമാൻഡോ ഓപ്പറേഷനിൽ കൂടിയായിരുന്നു കുട്ടികളെ മോചിപ്പിച്ചത്. കമാൻഡോകളും ക്വിക് റെസ്പോൺസ് ടീമും വാതിൽ തകർത്ത് അകത്തുകയറുകയായിരുന്നു. തുടർന്ന് പ്രതിയുടെ കാലിൽ വെടിവെച്ചു. കുട്ടികളെ മോചിപ്പിച്ച ശേഷം പ്രതിയെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വെച്ച് ഇയാൾ മരിച്ചതായാണ് റിപ്പോർട്ട്.

താൻ ജീവിച്ചിരിക്കുകയാണെങ്കിൽ കുട്ടികളെ താൻതന്നെ മോചിപ്പിക്കുമെന്നും അധികൃതരുടെ ഭാഗത്തുനിന്നുള്ള തെറ്റായ നീക്കം തന്നെ പ്രകോപിതനാക്കുമെന്നും ഇയാൾ വീഡിയോയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഞാൻ ആത്മഹത്യ ചെയ്യുന്നില്ല. അതിനുപകരമായാണ് കുട്ടികളെ ബന്ധികളാക്കി വെച്ച് തന്റെ ആവശ്യം മുന്നോട്ട് വെക്കുന്നത്. ചിലരോട് സംസാരിക്കണം. അതിനുശേഷം കുട്ടികളെ വിട്ടയക്കാമെന്നും ഇയാൾ വീഡിയോയിൽ പറയുന്നു. ഒരു മിനിറ്റ് നീണ്ട വീഡിയോ സന്ദേശമാണ് പുറത്തുവിട്ടത്.

കുട്ടികൾക്ക് ഒന്നും സംഭവിക്കില്ലെന്നും അവരെ മോചിപ്പിക്കുമെന്നും ഇയാൾ വ്യക്തമാക്കുന്നുമുണ്ട്. എന്നാൽ ആരോടാണ് സംസാരിക്കേണ്ടത്, എന്താണ് സംസാരിക്കേണ്ടത് എന്ന കാര്യങ്ങളൊന്നും തന്നെ വീഡിയോയിൽ വ്യക്തമാക്കിയിരുന്നില്ല. സംഭവസ്ഥലത്തുനിന്ന് തോക്കും ചില രാസപദാർത്ഥങ്ങളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here