പാട്‌ന: ഒരു കപ്പ് ചായയുടെ വിലയേക്കാൾ കുറഞ്ഞ വിലയിൽ ഒരു ജിബി ഡാറ്റ ഡാറ്റ ലഭിക്കുന്ന കാലമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിന്റെ ഉറപ്പ് നൽകിയതും ഈ ‘ചായക്കാരനാ‘ണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹാറിലെ സമസ്തിപൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് രാജ്യത്തെ ഡിജിറ്റൽ വിപ്ലവത്തെ കുറിച്ച് മോദി ചൂണ്ടിക്കാട്ടിയത്.
ബിഹാറിലെ യുവാക്കൾക്ക് സ്മാർട്ട്ഫോണുകളും ഇന്റർനെറ്റും വഴിയൊരുക്കിയ ഈ മാറ്റം എൻഡിഎ സർക്കാരിന്റെ നേട്ടമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. “ഇന്ന് ഇൻസ്റ്റഗ്രാമിൽ റീലുകൾ ഉണ്ടാക്കി ബിഹാറിലെ പല യുവാക്കളും നല്ല വരുമാനം നേടി വരുന്നു. ഈ അവസരം സൃഷ്ടിച്ചത് എൻഡിഎയുടെ നയങ്ങളാണ്,” – മോദി ചൂണ്ടിക്കാട്ടി.
റാലിയിൽപങ്കെടുക്കുന്നവരോട് സ്മാർട്ട്ഫോണുകളുടെ ഫ്‌ലാഷ്‌ലൈറ്റുകൾ ഓൺ ചെയ്യാൻ മോദി ആവശ്യപ്പെട്ടു. “ഇവിടെ ഓരോരുത്തരുടെയും കയ്യിലും വെളിച്ചമുണ്ട്. ഇനി ബിഹാറിന് റാന്തൽ വേണോ?” – ആർജെഡിയെ പരിഹസിച്ചുകൊണ്ട് മോദി ചോദിച്ചു. “രാജ്യം മുഴുവൻ ഈ ദൃശ്യങ്ങൾ കാണുന്നു. ബിഹാറിന് റാന്തലിനെയും അതിന്റെ കൂട്ടുകാരെയും ആവശ്യമില്ല.”- പ്രധാനമന്ത്രി പറഞ്ഞു.
സമസ്തിപൂരിനൊപ്പം ബെഗുസരായിയിലും മോദി റാലികളിൽ പങ്കെടുത്തു. എൻഡിഎ സഖ്യത്തിന് റെക്കോർഡ് വിജയം ഉറപ്പാക്കണമെന്നു വോട്ടർമാരോട് അഭ്യർത്ഥിക്കുകയായിരുന്നു പ്രധാനമന്ത്രി. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 6നും 11നും ഘട്ടങ്ങളായി നടക്കും. ഫലം നവംബർ 14ന് പ്രഖ്യാപിക്കും.
എൻഡിഎ സഖ്യത്തിൽ ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കുന്നു. എൽജെപി-ആർ 29, എച്ച്എഎം, ആർഎൽഎം എന്നിവ ആറു വീതം സീറ്റുകൾ. ‘ഇന്ത്യ’ സഖ്യത്തിൽ ആർജെഡി 143 സീറ്റുകളിലും കോൺഗ്രസ് 61, സിപിഐ-എംഎൽ ലിബറേഷൻ 20, വിഐപി 16, സിപിഐ 9, സിപിഐഎം 4 സീറ്റുകളിലും മത്സരിക്കുന്നു.

