കണ്ണൂർ: കേരളത്തിനായി എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന നിലപാട് സ്വീകരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പിന്തുണ പ്രഖ്യാപിച്ച് ആലപ്പുഴ എം.പിയും കോൺഗ്രസ് നേതാവുമായ കെ.സി. വേണുഗോപാൽ. എയിംസ് ആലപ്പുഴയിൽ കൊണ്ടുവരുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനത്തെ അദ്ദേഹം പൂർണ്ണമായും സ്വാഗതം ചെയ്തു.
വർഷങ്ങളായി കേരളം എയിംസിനുവേണ്ടി കാത്തിരിക്കുകയാണെന്നും, മറ്റ് സംസ്ഥാനങ്ങളിലൊന്നും ഇല്ലാത്ത ഒരു വിവേചനമാണ് ഈ വിഷയത്തിൽ കേരളത്തോട് കേന്ദ്രം കാണിക്കുന്നതെന്നും കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. മുൻപ് കേന്ദ്ര ആരോഗ്യമന്ത്രി എയിംസ് അനുവദിക്കാമെന്ന് ഉറപ്പുനൽകിയിട്ടും അത് നടപ്പിലാക്കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ്, നിലവിലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി എയിംസ് ആലപ്പുഴയിൽ യാഥാർത്ഥ്യമാക്കാൻ മുൻകൈയെടുക്കുമെന്ന് പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം നടപ്പിലാക്കുന്നതിനായി അദ്ദേഹം മുന്നോട്ട് വന്നാൽ എല്ലാവിധ പിന്തുണയും സഹായവും നൽകുമെന്ന് വേണുഗോപാൽ ഉറപ്പ് നൽകി.
ആലപ്പുഴ ജില്ലയുടെ പ്രത്യേക സാഹചര്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാധാരണക്കാർ ഏറെയുണ്ട്. ഇവിടെ സ്വകാര്യമേഖലയിൽ ഉയർന്ന നിലവാരമുള്ള പ്രധാന ആശുപത്രികളുടെ അഭാവമുണ്ട്. കൂടാതെ, എയിംസ് സ്ഥാപിക്കുന്നതിന് ആവശ്യമായ പൊതുഭൂമി ഇവിടെ ലഭ്യവുമാണ്. സുരേഷ് ഗോപി തന്റെ ആവശ്യം കൂടുതൽ ശക്തമായി കേന്ദ്ര സർക്കാരിന് മുന്നിൽ ഉന്നയിക്കണമെന്നും, ഈ ഉദ്യമത്തിന് എല്ലാ സഹായവും ഉറപ്പാക്കുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

