ന്യൂഡൽഹി: ഈ വർഷം നവംബറോടെ ഇന്ത്യ യുഎസുമായുള്ള നിർദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാർ ഉണ്ടാകുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. കാര്യങ്ങൾ ഉടൻ തന്നെ പഴയപടിയാകുമെന്നും രണ്ട് നേതാക്കളും ചർച്ച ചെയ്തതുപോലെ, നവംബറിലോ മറ്റോ ഉഭയകക്ഷി വ്യാപാര കരാർ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗോയൽ പറഞ്ഞു. മുംബൈയിൽ നടന്ന വാർഷിക ആഗോള നിക്ഷേപക സമ്മേളനം 2025-ൽ പ്രസംഗിക്കവേയാണ് ഗോയൽ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ-യുഎസ് വ്യാപാരത്തെ “തികച്ചും ഏകപക്ഷീയമായ ബന്ധം” എന്ന് ട്രംപ് വിശേഷിപ്പിച്ചതിനു തൊട്ട് പിന്നാലെയാണ് പീയുഷ് ഗോയലിന്റ പ്രതികരണം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ തുടർന്ന് അധിക തീരുവ ചുമത്തിയത് ഉൾപ്പെടെ നിൽക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പരാമർശം. ഇന്ത്യ- യുഎസ് വ്യാപാര കരാർ ചർച്ചയ്ക്കായുള്ള അമേരിക്കൻ പ്രതിനിധി സംഘത്തിന്റെ സന്ദർശനം സംബന്ധിച്ച് പ്രതിസന്ധി നിൽക്കുന്നുണ്ട്. തുടർ ചർച്ചകൾ ഇരു രാജ്യങ്ങളും വ്യക്തമാക്കിയിട്ടില്ല. കരാർ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെയാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ഇന്ത്യ- യുഎസ് വ്യാപാര കരാർ നവംബറോടെയുണ്ടാകുമെന്ന് അറിയിക്കുന്നത്.
ഓഗസ്റ്റ് 7 മുതൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ നിലവിലുണ്ട്, കൂടാതെ റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിലും സൈനിക ഉപകരണങ്ങളും വാങ്ങുന്നതിന് പിഴയായി പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവ ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. അതേസമയം ഇന്ത്യക്കെതിരെ വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ലോകത്ത് ഏറ്റവും ഉയർന്ന നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ട്രംപ് ആവർത്തിച്ചു. അമേരിക്കൻ ഉത്പന്നങ്ങൾ ഇന്ത്യയിൽ വിൽക്കാനാവാത്ത സാഹചര്യമെന്ന് ഹാർലി ഡേവിഡ്സൺ കമ്പനിയെ പരാമർശിച്ച് ട്രംപ് പറഞ്ഞു.
അതേസമയം ദേശീയ താൽപ്പര്യവും വിപണി സാഹചര്യങ്ങളും അനുസരിച്ചാണ് തങ്ങളുടെ ഊർജ്ജ തീരുമാനങ്ങൾ നയിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് ഇന്ത്യ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിനെ ന്യായീകരിച്ചു. റഷ്യൻ എണ്ണ വാങ്ങലുകൾക്ക് മുകളിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഇന്ത്യയുടെ ന്യായീകരണം. നിലവിലെ കാലാവസ്ഥയെ അംഗീകരിച്ചുകൊണ്ട്, ലോകം അസ്ഥിരതയും അനിശ്ചിതത്വവും അനുഭവിക്കുന്നുണ്ടെന്ന് ഗോയൽ പറഞ്ഞു. “എന്നാൽ ഇത് പകുതി നിറഞ്ഞ ഒരു ഗ്ലാസ് പാത്രത്തിന്റെ കഥയാണ്,” അദ്ദേഹം പറഞ്ഞു, വെല്ലുവിളികൾ ബിസിനസുകൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

