പാലക്കാട്: ആദ്യഘട്ട ചികിത്സ വിഫലമായതോടെ കാഴ്ച നഷ്ടപ്പെട്ട പാലക്കാട്ടെ PT 5 എന്ന ചുരുളികൊമ്പന് രണ്ടാം ഘട്ട ചികിത്സ നൽകാനൊരുങ്ങി വനം വകുപ്പ്. ഇതിന്റെ ഭാഗമായി ആനയെ മയക്കുവെടിവെച്ച് പിടികൂടി ധോണിയിലെ ആന ക്യാംപിലേക്ക് കൊണ്ടുപോയി ചികിത്സ നൽകാനുള്ള തീരുമാനത്തിലാണ് വനം വകുപ്പ്. കഴിഞ്ഞ ഓഗസ്റ്റ് 8 നു മയക്കുവെടി വെച്ച് നൽകിയ ആദ്യഘട്ട ചികിത്സ പരാജയപ്പെട്ടതിനെത്തുടർന്നാണ് വീണ്ടുമൊരു നീക്കം നടത്താൻ പോകുന്നത്. ആനയെ നിലവിൽ നിരീക്ഷിച്ച് വരുന്ന സമിതി ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് ഉടൻ തന്നെ സമർപ്പിക്കും.
റേഡിയോ കോളർ ഘടിപ്പിച്ച് ഉൾക്കാട്ടിലേക്ക് കയറ്റി വിട്ടെങ്കിലും ചുരുളിക്കൊമ്പൻ വീണ്ടും ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് ആളുകളെ പരിഭ്രാന്തിയിലാക്കി. മാത്രമല്ല കഴിഞ്ഞ ദിവസം മേഖലയിലെ PT 14 എന്ന ആന ചുരുളികൊമ്പനെ ആക്രമിച്ചു. ആക്രമണത്തിൽ ചുരുളിക്കൊമ്പന്റെ ശരീരത്തിലാകമാനം പരിക്കേറ്റിട്ടുണ്ട്. പരിക്കുകൾ കൂടുതൽ ഗുരുതരമാകുന്നതിന് മുൻപ് തന്നെ രണ്ടാം ഘട്ട ദൗത്യം ആരംഭിക്കാനാണ് വനം വകുപ്പിന്റെ നീക്കം. റേഡിയോ കോളറിലെ സിഗ്നൽ പരിശോധിച്ചു ആനയെ പ്രത്യേക സംഘം നിരീക്ഷിച്ചുവരികയാണ്.

