ന്യൂഡൽഹി: വാട്‌സ്ആപ്പില്‍ ഒരു പുതിയ വീഴ്‌ച കണ്ടെത്തി ഇന്ത്യൻ സൈബർ സുരക്ഷാ ഏജൻസി സിഇആർടി -ഇൻ (CERT-In). വാട്‌സ്ആപ്പിന്‍റെ ചില ഐഒഎസ് അല്ലെങ്കിൽ മാക് പതിപ്പുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ സ്വകാര്യ ഡാറ്റ ഹാക്കർമാർക്ക് ആക്‌സസ് ചെയ്യാൻ കഴിയുന്നവിധത്തിലുള്ള ഒരു ഗുരുതരമായ പിഴവാണ് (CVE-2025-55177) സിഇആർടി -ഇൻ കണ്ടെത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത ഉപയോക്താക്കളെ ഹാക്കർമാർ ലക്ഷ്യം വച്ചതായാണ് റിപ്പോർട്ടുകൾ.
വാട്‌സ്ആപ്പ് ഡിവൈസ് സിൻക്രൊണൈസേഷനിലെ പിഴവുകളിൽ നിന്നാണ് ഈ പ്രശ്‌നം വരുന്നത്. മറ്റൊരു ആപ്പിൾ സുരക്ഷാ ബഗുമായി ചേരുമ്പോൾ ഇത് പ്രത്യേകിച്ച് അപകടകരമാണെന്ന് സുരക്ഷാ വിദഗ്‌ധർ പറയുന്നു. സുരക്ഷാ പഴുതുകൾ സെൻസിറ്റീവ് ഉപയോക്തൃ വിവരങ്ങൾ കവരാൻ ഹാക്കർമാരെ അനുവദിക്കുന്നു.
എന്നാൽ, വാട്‌സ്ആപ്പ് ഈ സുരക്ഷാ പ്രശ്‌നം അംഗീകരിക്കുകയും, പിന്നാലെ ഐഫോണുകൾക്കും മാക് ഉപകരണങ്ങൾക്കുമുള്ള മെസഞ്ചർ ആപ്പിൽ ഒരു പുതിയ അപ്‌ഡേറ്റ് പുറത്തിറക്കുകയൂം ചെയ്തു. ആപ്പിൾ ഡിവൈസ് ഉടമകൾ വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യണമെന്നും നിർദേശം നൽകി.

