കാസർഗോഡ്: കാസർഗോഡ് വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. സിപിഒ സജീഷാണ് മരിച്ചത്. ബേക്കൽ ഡി വൈ എസ് പിയുടെ ഡാൻസാഫ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥനായിരുന്നു സജീഷ്. മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി ഇവർ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. ചെങ്കള നാലാം മൈലിൽ ഇന്ന് പുലർച്ചെ 2.45ഓടെയായിരുന്നു സംഭവം. വണ്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ സുഭാഷിനും ഗുരുതര പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇടിയുടെ ആഘാതത്തിൽ വണ്ടി പൂർണ്ണമായും തകർന്നു. സജീഷ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.

