കൊച്ചി: കൊച്ചിയിൽ വെര്‍ച്വര്‍ അറസ്റ്റിന്റെ പേരിൽ വീട്ടമ്മയിൽ നിന്ന് 2 കോടി 88 ലക്ഷത്തി പതിനായിരം രൂപ തട്ടിയ കേസ് പ്രത്യേക സംഘം അന്വേഷണം ആരംഭിക്കും. മട്ടാഞ്ചേരി നിവാസിയായ ഉഷാകുമാരിക്കാണ് പണം നഷ്ടമായത്. പരാതിയെ തുടർന്ന് മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ കൊച്ചി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഈ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
തട്ടിപ്പിന്റെ നിർണായക വിവരങ്ങൾ ലഭിച്ചതായും പൊലീസ് അറിയിച്ചിട്ടുണ്ട്. ജെറ്റ് എയര്‍വേയ്സ് മുന്‍ മേധാവി നരേഷ് ഗോയലുമായി ബന്ധപ്പെട്ട 538 കോടിയുടെ തട്ടിപ്പുമായി സ്ത്രീക്ക് ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. തെളിവിനായി ഇവരുടെ ഫോണിലേക്ക് വ്യാജ ഡോക്യൂമെന്റുകളും തട്ടിപ്പ് സംഘം അയച്ചിരുന്നു. തുടർന്ന് പണം തട്ടുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ ഉടൻ തന്നെ അറസ്റ്റ് ഉണ്ടാകുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
മുംബൈയിലെ തിലക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ ഈ സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞാണ് വീഡിയോ കോള്‍ വഴി വയോധികയെ വെര്‍ച്വല്‍ അറസ്റ്റിലാക്കിയത്. ഇക്കഴിഞ്ഞ ജൂലായ് 10നും ഓഗസ്റ്റ് 30നും ഇടയില്‍ സ്വര്‍ണം പണയം വച്ചും കൈയിലുള്ള മറ്റ് സാധനങ്ങള്‍ വിറ്റുമാണ് തട്ടിപ്പുകാര്‍ക്ക് സ്ത്രീ പണം നല്‍കിയത്.
പൊലീസ് സ്റ്റേഷനില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയപ്പോള്‍ സംശയത്തിന്റെ പേരില്‍ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ തട്ടിപ്പിനിരയായ വിവരം തുറന്നു പറഞ്ഞത്. കോര്‍ട്ട് റൂം ഡ്രാമ സെറ്റ് ചെയ്താണ് തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തനം. പ്രായമായ ആളുകളെ തെറ്റിദ്ധരിപ്പിച്ച് ഭയപ്പെടുത്തിയാണ് തട്ടിപ്പുകാർ വലയിലാക്കുന്നത്.
ഡിജിറ്റൽ അറസ്റ്റിലാണെന്ന് പറഞ്ഞതിന് ശേഷം കൈവശമുള്ള പണം അക്കൗണ്ടിലേക്ക് നൽകാൻ നിർദേശിക്കുന്നതാണ് തട്ടിപ്പുകാരുടെ സാധാരണ രീതി. നെറ്റ്ബാങ്കിങ്ങിലൂടെ ഓൺലൈനായി പണം ട്രാൻസ്ഫർ ചെയ്യാൻ അറിയില്ലെന്ന് പറയുമ്പോൾ തട്ടിപ്പുകാർ അവരുടെ അക്കൗണ്ട് നമ്പർ നൽകുകയും ചെയുന്നു. ഇതുമറിയില്ലെങ്കിൽ പലതവണയായി ഗൂഗിൾ പേ ചെയ്യാനാണ് തട്ടിപ്പുകാർ ആവശ്യപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു.
അതേസമയം സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഈ കേസ് വിശദമായി പരിശോധിച്ചുവരികയാണ്. പൊലീസ്, സിബിഐ, അല്ലെങ്കിൽ മറ്റേതെങ്കിലും അന്വേഷണ ഏജൻസികളിൽ നിന്നാണെന്ന് അവകാശപ്പെടുന്ന ഫോൺ കോളുകൾ വരുമ്പോൾ അവരുടെ വിവരങ്ങൾ നേരിട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുക. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനായി പൊലീസ് നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

