കേരളത്തിൽ സ്വർണവില കുതിക്കുന്നു; ഇന്നും പവന് 920 രൂപ വർധിച്ചു

0

കൊച്ചി: കേരളത്തിൽ സ്വർണവില കുതിക്കുന്നു. ഇന്ന് ഒരു പവന് 920 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 83,840 രൂപയായി. ​ഗ്രാമിന് 10,480 രൂപയാണ് ഇന്നത്തെ വിപണിവില. 115 രൂപയാണ് ഒരു​ഗ്രാം സ്വർണത്തിന് ഇന്ന് കൂടിയത്. നിരവധി ഘടകങ്ങളാണ് സ്വർണവില കുതിച്ചുയരാൻ കാരണമായി സാമ്പത്തിക വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ആഗോള അനിശ്ചിതത്വങ്ങൾ, ഡിമാന്റ് വർധന, കേന്ദ്ര ബാങ്കുകളുടെ വാങ്ങിക്കൂട്ടൽ, അമേരിക്കയിൽ പലിശ നിരക്ക് കുറയുന്നത്, ഡോളറിന്റെ ദുർബലാവസ്ഥ തുടങ്ങിയ ഘടകങ്ങൾ സ്വർണവില ഉയരാൻ കാരണമാകുന്നു എന്നാണ് സാമ്പത്തിക വിദ​ഗ്ധർ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം പവന് 82,920 രൂപയും ഗ്രാമിന് 10,365 രൂപയുമായിരുന്നു. സെപ്റ്റംബറിൽ മാത്രം പവന്റെ വിലയിലുണ്ടായ വർധന 6,200 രൂപയാണ്. സെപ്റ്റംബർ ഒന്നിന് 77,640 രൂപയായിരുന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 1,12,397 എന്ന റെക്കോഡ് ഉയരത്തിലെത്തി. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 3,745 ഡോളർ നിലവാരത്തിലുമാണ്.

അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡ് റിസർവ് ഈയിടെ കാൽ ശതമാനം നിരക്ക് കുറച്ചതും വർഷാവസാനത്തോടെ കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്ന സൂചനയും സ്വർണത്തിലേക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഡോളറിന്റെ ദുർബലാവസ്ഥയോടൊപ്പം രൂപയുടെ മൂല്യമിടിയുന്നതും വർധനവിന് കാരണമായി. കേന്ദ്ര ബാങ്കുകൾ തുടർച്ചയായി സ്വർണം വാങ്ങിക്കൂട്ടുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർക്കിടയിൽ താത്പര്യം വർധിച്ചതും സ്വർണം നേട്ടമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here