കൊൽക്കത്ത: കോളജ് വിദ്യാർത്ഥിനിയെ ആൺസുഹൃത്ത് വീട്ടിൽകയറി വെടിവെച്ച് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. ഇഷ മാലിക് എന്ന പത്തൊൻപതുകാരിയാണ് കൊല്ലപ്പെട്ടത്. ദേബ്രാജ് സിങ്ക എന്ന യുവാവാണ് ഇഷയെ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയും ചെയ്തു. വർഷങ്ങളായി ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്നു. എന്നാൽ, അടുത്തിടെ യുവതി ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതിന്റെ പകയിലാണ് യുവാവ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്.
ഓഗസ്റ്റ് 22ന് ഉച്ചതിരിഞ്ഞാണ് സംഭവം. കൃഷ്ണനഗർ പട്ടണത്തിലെ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി വെടിയുതിർക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയം ഇഷയുടെ അമ്മയും ഇളയ സഹോദരനുമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ടുതവണയാണ് ഇഷയ്ക്കുനേരെ പ്രതി വെടിയുതിർത്തത്. ശബ്ദം കേട്ട് മുറിയിലേക്ക് ഓടിയെത്തിയ അമ്മ കാണുന്നത് രക്തത്തിൽ കുളിച്ചു കിടക്കുന്ന തന്റെ മകളെയും തോക്കുമായി ഓടിപ്പോകുന്ന യുവാവിനെയുമാണ്. രക്തം വാർന്ന നിലയിൽ പെൺകുട്ടിയെ ഉടൻ ശക്തിനഗർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
സ്കൂൾ കാലം മുതലേ ഇരുവരും പരിചയത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മാത്രമല്ല, ഇഷയുടെ സഹോദരനും പരിചയമുള്ളയാളാണ് പ്രതി പ്രതിയായ ദേബ്രാജ് സിങ്ക. അതുകൊണ്ടു തന്നെ വീട്ടിലും മിക്കാവാറും വരാറുണ്ടായിരുന്നു. കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഇഷ പ്രതിയുമായുള്ള ബന്ധം അവസാനിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. ഇതാകാം കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും കരുതപ്പെടുന്നു.
അതേസമയം, സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷവും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇയാൾ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കുന്നു.

