കുറ്റവാളിയുടെ പിറന്നാൾ ആഘോഷത്തിൽ ബാർ ഗേൾസിനൊപ്പം ബിയർ ബോട്ടിലുമായി നൃത്തം ചെയ്തു; വീഡിയോ വൈറലായതോടെ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

0

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ബാർ ഗേൾസിനൊപ്പം മദ്യപിച്ച് നൃത്തം ചെയ്ത പോലീസുകാരുടെ വീഡിയോ വൈറലായതോടെ നടപടി. പ്രശസ്തനായ ഒരു കുറ്റവാളിയുടെ പിറന്നാൾ പാർട്ടിയിൽ ബാർ ഗേളിനൊപ്പം നൃത്തം ചെയ്ത നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. സാഹിബാബാദ് അതിർത്തി ഔട്ട്‌പോസ്റ്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്. തിങ്കളാഴ്ച രാത്രി റെക്കോർഡുചെയ്‌ത വീഡിയോയിൽ കയ്യിൽ ബിയർ കുപ്പികളുമായി ഉദ്യോഗസ്ഥർ സംഗീതത്തിനനുസരിച്ച് നൃത്തം ചെയ്യുന്നത് കാണാം.

സീമാപുരി ഔട്ട്‌പോസ്റ്റിന് കീഴിലുള്ള സാഹിബാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ ആശിഷ് ജാദൗൺ, കോൺസ്റ്റബിൾമാരായ അമിത്, യോഗേഷ്, ഗ്യാനേന്ദ്ര എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. ക്രിമിനലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി’റോസ് ബാറിൽ’ ആണ് ആഘോഷം നടന്നത്.

അർധരാത്രി മുതൽ പുലർച്ചെ 2:30 വരെയായിരുന്നു പാർട്ടി നടന്നത്. ഇതിൽ പൊലീസുകാരും പങ്കെടുത്തു. ഇതിന്റെ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. പൊലീസുകാർ ബിയർ കുപ്പികളുമായി ബാർ ഗേൾസിനൊപ്പം ഡാൻസ് കളിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. മദ്യക്കുപ്പികൾക്കൊപ്പം സംഗീതം, ആഘോഷം എന്നിവയുടെ ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

വൈറലായ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട സീനിയർ പോലീസ് ഓഫീസർ (ട്രാൻസ്-ഹിൻഡൺ ഏരിയ) നിമിഷ് പാട്ടീൽ, അന്വേഷണം പൂർത്തിയാകുന്നതുവരെ നാല് പോലീസുകാരെയും ഉടൻ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടു. സംഭവത്തിന്റെ പൂർണ്ണ വിവരങ്ങൾ കണ്ടെത്തുന്നതിനായി ബാറിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here