ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2026-ലെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളുടെ താൽക്കാലിക ടൈംടേബിൾ പുറത്തിറക്കി. ഇതനുസരിച്ച്, പരീക്ഷകൾ 2026 ഫെബ്രുവരി 17-ന് ആരംഭിച്ച് ഏപ്രിൽ 9-ന് അവസാനിക്കും.
പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 17-ന് രാവിലെ 10:30-ന് ആരംഭിക്കും. ഗണിതശാസ്ത്രം (സ്റ്റാൻഡേർഡ്, ബേസിക്) വിഷയങ്ങളായിരിക്കും ആദ്യത്തെ പരീക്ഷ. തുടർന്ന്, മാർച്ച് 9-ന് ഭാഷാ, സംഗീത വിഷയങ്ങളോടെ പരീക്ഷകൾ അവസാനിക്കും. പത്താം ക്ലാസ്സിൽ രണ്ട് ബോർഡ് പരീക്ഷകൾ ഉണ്ടാവും. രണ്ടാംഘട്ട പരീക്ഷ മെയ് 15-ന് ആരംഭിച്ച് ജൂൺ 1-ന് അവസാനിക്കും.
പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 17-ന് തന്നെ ബയോടെക്നോളജി, എൻട്രപ്രണർഷിപ്പ് തുടങ്ങിയ വിഷയങ്ങളോടെ ആരംഭിക്കും. ഇത് 2026 ഏപ്രിൽ 9-ന് സംസ്കൃതം, ഡാറ്റാ സയൻസ് വിഷയങ്ങളോടെ അവസാനിക്കും.
സിബിഎസ്ഇയുടെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ നിന്നും 26 വിദേശ രാജ്യങ്ങളിൽ നിന്നുമായി ഏകദേശം 45 ലക്ഷം വിദ്യാർത്ഥികൾ ഈ വർഷം പരീക്ഷയെഴുതുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ പുറത്തിറക്കിയത് താൽക്കാലിക സമയക്രമമാണ്. വിദ്യാർത്ഥികളുടെ അന്തിമ പട്ടിക സ്കൂളുകൾ സമർപ്പിച്ചതിന് ശേഷം അന്തിമ ഷെഡ്യൂൾ പ്രഖ്യാപിക്കുമെന്ന് ബോർഡ് അറിയിച്ചു.

