കോട്ടയ്ക്കല്‍: മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ നഗരസഭയിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് മതിയായ അപേക്ഷകരില്ലാത്തത് അധികൃതരെ ആശങ്കയിലാക്കുന്നു. ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രധാന യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത് പത്താം ക്ലാസ് പരീക്ഷയിൽ വിജയിക്കാത്തവരായിരിക്കണം എന്ന നിബന്ധനയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
കോട്ടയ്ക്കൽ നഗരസഭയുടെ കീഴിലുള്ള കരുവാൻപടി, കോട്ടൂർ അങ്കണവാടികളിലെ ഹെൽപ്പർ തസ്തികകളിൽ ആളില്ലാത്ത സാഹചര്യത്തിലാണ് സിഡിഎസ് മലപ്പുറം റൂറൽ പുതിയ അപേക്ഷകൾ ക്ഷണിച്ചത്.
18-നും 46-നും ഇടയിൽ പ്രായമുള്ള, പത്താം ക്ലാസ് വിജയിക്കാത്ത ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരം. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 25 വരെ അപേക്ഷ സ്വീകരിച്ചിട്ടും ആകെ ലഭിച്ചത് 11 അപേക്ഷകൾ മാത്രമാണ്. 40-ഓളം അപേക്ഷകളാണ് അധികൃതർ പ്രതീക്ഷിച്ചിരുന്നത്.
മൂന്ന് വർഷത്തേക്കുള്ള നിയമനത്തിനാണ് നിലവിൽ അപേക്ഷ ക്ഷണിച്ചത്. കൂടാതെ, മാർച്ചിലും ഏപ്രിലിലുമായി വിരമിക്കൽ, അവധി, പ്രമോഷൻ എന്നിവ കാരണം ഉണ്ടാകാനിടയുള്ള മറ്റ് ഒഴിവുകളിലേക്ക് എങ്ങനെ ആളെ കണ്ടെത്തുമെന്ന കാര്യത്തിൽ അധികൃതർക്ക് ആശങ്കയുണ്ട്.
നഗരസഭയിലെ അങ്കണവാടി പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ സമീപത്തുള്ള കുട്ടികൾ കുറഞ്ഞ അങ്കണവാടികളിലെ ഹെൽപ്പർമാരെയും താൽപ്പര്യമുള്ള വിരമിച്ചവരേയും പരിഗണിക്കേണ്ട അവസ്ഥയിലാണ് അധികൃതർ.
നഗരസഭയിൽ തുല്യതാ പരീക്ഷകൾ കാര്യക്ഷമമായി നടപ്പിലാക്കിയതിനാൽ പത്താം ക്ലാസ് വിജയിക്കാത്തവരുടെ എണ്ണം കുറഞ്ഞതാണ് അപേക്ഷകർ ഇല്ലാതാകാൻ കാരണമെന്ന് കോട്ടയ്ക്കൽ നഗരസഭാധ്യക്ഷ ഡോ. കെ. ഹനീഷ അഭിപ്രായപ്പെട്ടു. ഈ സാഹചര്യം കണക്കിലെടുത്ത് ഹെൽപ്പർ നിയമനത്തിനുള്ള യോഗ്യതാ മാനദണ്ഡം മാറ്റണമെന്ന് അവർ ആവശ്യപ്പെട്ടു.
പത്താം ക്ലാസ് തോറ്റവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ എന്ന നിലവിലെ വ്യവസ്ഥ അങ്കണവാടികളുടെ സുഗമമായ നടത്തിപ്പിന് പ്രതികൂലമായി ബാധിക്കുമെന്ന് മലപ്പുറം റൂറൽ ശിശുവികസന പദ്ധതി ഓഫീസർ കെ. സീതാലക്ഷ്മി, ഐസിഡിഎസ് സൂപ്പർവൈസർ ടി.വി. മുംതാസ് എന്നിവരും അഭിപ്രായപ്പെട്ടു. ഈ അവസ്ഥയ്ക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നും അവർ ആവശ്യപ്പെട്ടു.

