ന്യൂഡൽഹി: സായുധ സേനയിൽ പ്രവേശിക്കുന്നതിന് പുരുഷ-സ്ത്രീ ഉദ്യോഗാർത്ഥികൾക്കിടയിൽ വിവേചനം കാണിക്കാൻ കഴിയുന്ന കാലഘട്ടമല്ലെന്ന് ഡൽഹി ഹൈക്കോടതി. വ്യോമസേനയിലെ പൈലറ്റ് തസ്തികയിലെ പുരുഷ സംവരണം ന്യായീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയ കോടതി, വ്യോമസേന പൈലറ്റ് തസ്തികയിൽ ഒരു വനിതാ ഉദ്യോഗാർത്ഥിയെ നിയമിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.
നിയമനത്തിനുള്ള തസ്തികകൾ പരസ്യപ്പെടുത്തുമ്പോൾ, പ്രവേശനത്തിന് യോഗ്യത നേടുന്നതിന് പാലിക്കേണ്ട നിബന്ധനകളും വ്യവസ്ഥകളും, യോഗ്യതകളും മറ്റ് വ്യവസ്ഥകളും ഉൾപ്പെടുത്താൻ അധികാരികൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ജസ്റ്റിസ് സി ഹരി ശങ്കറും ജസ്റ്റിസ് ഓം പ്രകാശ് ശുക്ലയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു. അത്തരം നിബന്ധനകൾ പാലിക്കുന്ന ഉദ്യോഗാർത്ഥികളെ ലിംഗഭേദമില്ലാതെ തുല്യമായി പരിഗണിക്കണമെന്നും കോടതി പറഞ്ഞു.
സൈന്യത്തിലെ 92 പൈലറ്റുമാരുടെ ഒഴിവിലേക്ക് 2023 മേയ് 17-നാണ് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചത്. രണ്ടൊഴിവ് വനിതകൾക്കും ശേഷിച്ച 90 എണ്ണം പുരുഷന്മാർക്കുമായി സംവരണം ചെയ്തിരുന്നു. വനിതകൾക്കുള്ള രണ്ടൊഴിവിലേക്കും നിയമനമായെങ്കിലും പുരുഷന്മാരുടെ 90 ഒഴിവിൽ 70 എണ്ണമേ നികത്താനായുള്ളൂ.
വനിതകളുടെ റാങ്ക് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള അർച്ചനയാണ് ഹൈക്കോടതിയെ സമീപിച്ചത്. തസ്തികയ്ക്കാവശ്യമായ ഫിറ്റ് ടു ഫ്‌ളൈ സർട്ടിഫിക്കറ്റ് ഹർജിക്കാരിക്കുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. ഒഴിവു നികത്താത്ത 20 തസ്തികകൾ വനിതകൾക്ക് സംവരണം ചെയ്തിട്ടില്ലെന്നതിൽ തർക്കമില്ല.
എന്നാൽ, 20 ഒഴിവുകളുണ്ടായിട്ടും വനിതകളുടെ റാങ്ക് പട്ടികയിൽ ഏഴാമതുള്ള ഹർജിക്കാരിയെ നിയമിക്കാത്തതിന് ന്യായീകരണമില്ല. ബാക്കിയുള്ള സീറ്റുകളിലും യോഗ്യരായ വനിതകളെ നിയമിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

