പത്തനംതിട്ട ∙ തിരുവല്ല ആലുംത്തുരുത്തിൽ വാടകവീട്ടിൽ താമസിച്ചിരുന്ന വീട്ടമ്മയെയും രണ്ട് പെൺമക്കളെയും കാണാതായിട്ട് ഒരുമാസം പിന്നിട്ടു. റീന കെ. ജയിംസ് (37), എട്ടുവയസ്സുകാരി അക്ഷര, ആറുവയസ്സുകാരി അൽക്ക എന്നിവരാണ് ഓഗസ്റ്റ് 19-ന് കാണാതായത്.
ഓഗസ്റ്റ് 18, 19 തീയതികളിൽ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയെങ്കിലും അതിന് ശേഷം ഇവരുടെ കാര്യത്തിൽ യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ദൃശ്യങ്ങളിൽ റീനയും മക്കളും യാത്രയ്ക്ക് തയ്യാറായ നിലയിൽ ബാഗുകളുമായാണ് കാണപ്പെടുന്നത്.
കാണാതായ രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് റീനയുടെ ഭർത്താവ് അനീഷ് മാത്യുവും ബന്ധുക്കളും പൊലീസിൽ പരാതി നൽകിയത്. അന്വേഷണം ആരംഭിക്കുമ്പോഴുതന്നെ ഇതു വലിയ ദുരൂഹത സൃഷ്ടിച്ചിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ അനീഷും റീനയും ഒരുമിച്ച് താമസിച്ചിരുന്നുവെങ്കിലും മൂന്ന് വർഷം മുമ്പ് കുടുംബകോടതിയിൽ റീന നൽകിയ കേസ് പിന്നീട് ഒത്തുതീർപ്പാകാണുകയായിരുന്നു. ഒരാഴ്ച മുൻപ് അനീഷ് മാത്യു മരണപ്പെട്ടു. റീനയുടെ കൈവശം മൊബൈൽ ഫോണില്ലാത്തത് അന്വേഷണത്തെ കൂടുതൽ സങ്കീർണമാക്കുന്നു.
സംസ്ഥാനവ്യാപകമായി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്.
തിരിച്ചറിയാനുള്ള അടയാളങ്ങൾ
റീന കെ. ജയിംസ്: ഇടത് കൈത്തണ്ടയിൽ നീളത്തിൽ മുറിവ് ഉണങ്ങിയ പാട്.
അക്ഷര: ഇരുനിറം, നീളം കൂടിയ കറുത്ത മുടി.
അൽക്ക: വെളുത്ത നിറം, ചുരുണ്ട ചെമ്പൻ മുടി.
വിവരമുള്ളവർ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടണം:
ഡി.വൈ.എസ്.പി. തിരുവല്ല – 9497990035
ഇൻസ്പെക്ടർ പുളിക്കീഴ് – 9497947150
സബ് ഇൻസ്പെക്ടർ പുളിക്കീഴ് – 9497980240

