ആഡംബര ഹോട്ടലിൽ ജി.എസ്.ടി സ്പെഷ്യൽ കമ്മിഷണർക്ക് യാത്രയയപ്പ്; ഭക്ഷണത്തിന് മാത്രം ചെലവായത് 1,40,911 രൂപ; എല്ലാം സർക്കാർ ചെലവിൽ! കെടിഡിസി വീണ്ടും വിവാദത്തിൽ

0

പ്രത്യേക ലേഖകൻ

തിരുവനന്തപുരം: ജി.എസ്.ടി സ്പെഷ്യൽ കമ്മിഷണറുടെ യാത്രയയപ്പ് വിവാദത്തിൽ. സംസ്ഥാനത്തെ ജി.എസ്.ടി.സംവിധാനം പുന:സംഘടിപ്പിക്കാനും നികുതി ചോർച്ച തടയാൻ ഡിജിറ്റൽ,ഡാറ്റാ സംവിധാനം നടപ്പാക്കാനും നേതൃത്വം നൽകിയ ജി.എസ്.ടി സ്പെഷ്യൽ കമ്മിഷണർ എസ്. എബ്രഹാം റെന്നിന്റെ യാത്രയയപ്പ് പാർട്ടിയാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.

തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് യാത്രയപ്പ് ചടങ്ങ് നടന്നത്. ചടങ്ങിൽ ഭക്ഷണത്തിന് മാത്രം 1,40,911 രൂപ ചെലവായിരുന്നു. ഈ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹോട്ടൽ മാനേജർ കെടിഡിസിക്ക് അപേക്ഷ നൽകുകയായിരുന്നു. കെടിഡിസി ഈ അപേക്ഷ ജി.എസ്.ടി വകുപ്പിന് കൈമാറി.

ആ​ഗസ്റ്റ് 3നാണ് മസ്കറ്റ് ഹോട്ടലിൽ എസ്. എബ്രഹാം റെന്നിന്റെ യാത്രയയപ്പ് പാർട്ടി നടന്നത്. ഇത്തരത്തിൽ സ്വകാര്യ ഹോട്ടലുകളിൽ നടത്താറുള്ള സർക്കാർ ഉദ്യോ​ഗസഥരുടെ യാത്രയയപ്പ് പരിപാടികൾക്ക് സർക്കാർ തുക അനുവദിക്കാറില്ലെന്ന് ഉദ്യോ​ഗസ്ഥർ തന്നെ വ്യക്തമാക്കുന്നു.

സർക്കാർ ഉദ്യോ​ഗസ്ഥർക്ക് വകുപ്പ് തലത്തിൽ യാത്രയയപ്പ് നൽകാറുണ്ട്. അത്തരത്തിലുള്ള ചടങ്ങുകൾ അതത് സ്ഥാപനങ്ങളിലോ സർക്കാർ അധീനതയിലുള്ള ഹാളുകളിലൊ ആണ് സാധാരണയായി നടത്താറുള്ളത്. ചില ഉദ്യോ​ഗസ്ഥർ സ്വകാര്യ ഹോട്ടലുകളിൽ നടത്താറുണ്ടെങ്കിലും അതിന്റെ ചെലവ് സഹപ്രവർത്തകരോ സ്ഥലം മാറി പോകുന്ന ഉദ്യോ​ഗസ്ഥനോ ആണ് വഹിക്കാറുള്ളത്.

എന്നാൽ ഈ യാത്രയയപ്പ് അദ്ദേഹത്തിന് അർഹതപ്പെട്ടതാണെന്ന് മറ്റൊരു വിഭാ​ഗം പറയുന്നു. കേന്ദ്ര സർവ്വീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ 2019ലാണ് അദ്ദേഹം ജി.എസ്.ടി വകുപ്പിലെത്തിയത്. ചരക്കുസേവന നികുതി സംവിധാനത്തെ കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകം ടാക്സ് പ്രാക്ടീഷണർമാർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നു. ലോട്ടറി ഡയറക്ടറായും പ്രവർത്തിച്ചു.

സംസ്ഥാനത്തെ നികുതി മുടക്കുകൾ, ഡിജിറ്റൽ ഓഡിറ്റ് പ്രവർത്തനങ്ങളുടെ അപാകത, രജിസ്‌ട്രേഷൻ ദുരുപയോഗം, സ്‌ക്രൂട്ടിനി വൈകൽ തുടങ്ങിയ മേഖലകളെല്ലാം കാര്യക്ഷമാക്കിയത് എബ്രഹാം റെന്നിന്റെ വരവോടെയാണ്. നികുതി സംവിധാനം പൂർണ്ണമായും ഓൺലൈനാക്കി. വ്യാപാരികളെ റെയ്ഡ് നടത്തി ബുദ്ധിമുട്ടിക്കാതെ നികുതി ചോർച്ചയും വെട്ടിപ്പും കണ്ടെത്താൻ ഡാറ്റാ സംവിധാനം പ്രയോജനപ്പെടുത്തി.

നികുതി പിരിക്കലിനെതിരെ തെരുവിലിറങ്ങുന്ന രീതി ഇതോടെ ഇല്ലാതായി. സംസ്ഥാനത്തെ നികുതി വരവ് സർവ്വകാല റെക്കോഡിലെത്തിയതിന് പിന്നിലും റെനിന്റെ അദ്ധ്വാനമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഈ യാത്രയപ്പ് ചടങ്ങിനെ അനുകൂലിക്കുന്നവരും ഉണ്ട്. അദ്ദേഹത്തിന് അർഹതപ്പെട്ട യാത്രയയപ്പ് ആയിരുന്നു നടന്നതെന്നാണ് ഇവരുടെ വാദം.

അതേസമയം കെടിഡിസിക്ക് കീഴിലുള്ള ഹോട്ടൽ ചൈത്രത്തിലെ നവീകരണ പ്രവർത്തനങ്ങളിലെ വീഴ്ചയിൽ കുറ്റക്കാരായവർക്കെതിരായ നടപടി ലഘൂകരിക്കാൻ സർക്കാർ തീരുമാനം എടുത്തത് അടുത്തിടെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പുതിയ വിവാദം ഉയരുന്നത്.

വീഴ്ച വരുത്തിയെന്ന് വിജിലൻസ് കണ്ടെത്തിയ എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും എതിരായ നടപടി താക്കീതിൽ ഒതുക്കി സർക്കാർ ഉത്തരവിറക്കുകയായിരുന്നു.

ഹോട്ടൽ ചൈത്രത്തിലെ 52 മുറികളുടെ നവീകരണത്തിൽ കെ ടി ഡി സി നിയോഗിച്ച സമിതിയും വിജിലൻസും അപാകതകൾ കണ്ടെത്തിയിരുന്നു. കെട്ടിടത്തിൽ വ്യാപകമായ ചോർച്ചയും ടോയ്‌ലറ്റ് സംവിധാനത്തിൽ തകരാറുകളും സംഭവിച്ചുവെന്നായിരുന്നു പ്രധാന കണ്ടെത്തൽ. ഇതിന് കാരണം കൃത്യമായ മേൽനോട്ടമില്ലാത്തതാണെന്ന് വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

പിഡബ്ല്യുഡി മാനുവൽ ലംഘിച്ചുവെന്നും കണ്ടെത്തിയിരുന്നു. തുടർന്ന്എക്സിക്യൂട്ടീവ് എഞ്ചിനീയർക്കെതിരെയും, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയക്കെതിരെയും കടുത്ത ശിക്ഷയ്ക്കുള്ള അച്ചടക്ക നടപടിക്കും നിർദ്ദേശിക്കപ്പെട്ടു.

എന്നാൽ എഞ്ചിനീയറിങ് വിഭാഗത്തിലെ ജീവനക്കാരുടെ കുറവും അപാകതകൾ കരാറുകാരൻ സ്വന്തം നിലയിൽ പരിഹരിച്ചതും ചൂണ്ടിക്കാട്ടി സർക്കാർ നടപടി താക്കീതാക്കി മാറ്റുകയായിരുന്നു. നവീകരണ പ്രവർത്തികൾ നീണ്ടുപോയതു മൂലം 2 കോടി 86 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായ റിപ്പോർട്ട് നിലനിൽക്കുകയാണ് ഉദ്യോഗസ്ഥർക്കെതിരായ നടപടി സർക്കാർ മയപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here