നിമിഷപ്രിയയുടെ മോചനം: കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി സുപ്രീംകോടതി

0

ന്യൂഡൽഹി: യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി സുപ്രീംകോടതി. അടിയന്തര സാഹചര്യം ഉണ്ടായാൽ വീണ്ടും പരാമർശിക്കാനും നിർദേശം നൽകി. വധശിക്ഷയുടെ തിയ്യതി മാറ്റിയ കാര്യം നിമിഷപ്രിയയുടെ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കോടതിയെ അറിയിച്ചപ്പോഴാണ് അടിയന്തര സാഹചര്യമുണ്ടായാൽ അറിയിക്കാൻ കോടതി ആവശ്യപ്പെട്ടത്. നിമിഷ പ്രിയയുടെ മോചന ശ്രമത്തിനായി യെമനിലെക്ക് പോകാൻ അനുവദിക്കണമെന്ന ആക്ഷൻ കൗൺസിലിന്‍റെ അപേക്ഷ കേന്ദ്ര സർക്കാർ നേരത്തെ തള്ളിയിരുന്നു.

അതേസമയം, വിധി നടപ്പാവാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത്. ദിയാധനം സ്വീകരിക്കാൻ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു കുടുംബം. സൂഫി പണ്ഡിതരുടെ ഇടപെടലിൽ അവർ വഴങ്ങുകയായിരുന്നുവെന്നാണ് കാന്തപുരം അവകാശപ്പെട്ടത്. വധശിക്ഷ നീട്ടിവെച്ച വിവരം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അറിയിക്കുകയും. ഔദ്യോഗിക വിധിപ്പകർപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. അതേസമയം നിമിഷപ്രിയയുടെ വിഷയത്തിൽ കാന്തപുരത്തിന്റെ ഇടപെടലൊ അവകാശവാദങ്ങളോ കേന്ദ്രസർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തിയതി ആവശ്യപ്പെട്ട് അറ്റോർണി ജനറലിനെ കണ്ടതായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താ മെഹദി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വധശിക്ഷ നീട്ടിവെച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടെന്നും പുതിയ തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും കാട്ടി അബ്ദുൽ ഫത്താഹ് മെഹ്‍ദി കഴിഞ്ഞ ദിവസം പ്രോസിക്യൂട്ടർക്ക് കത്ത് നല്‍കിയിരുന്നു. വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട കത്തിൽ മധ്യസ്ഥ ശ്രമങ്ങൾക്കോ ചർച്ചകൾക്കോ ഉള്ള എല്ലാ ശ്രമങ്ങളെയും തള്ളുന്നുവെന്നും പറഞ്ഞിരുന്നു. എന്നാൽ, വധശിക്ഷ റദ്ദായി എന്നുകാട്ടി നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് കേരളത്തിൽ ചർച്ചകൾ സജീവമായിക്കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് തലാലിന്റെ സഹോദരൻ വീണ്ടും കടുത്ത തീരുമാനത്തിലേക്ക് കടക്കുന്നത്.

2017 മുതൽ യമൻ പൗരന്‍ തലാല്‍ അബ്ദുല്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ ജയിലിൽ കഴിയുകയാണ്. 2018 ലാണ് നിമിഷ പ്രിയക്ക് വധശിക്ഷ വിധിച്ചത് തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണ് നിമിഷ പ്രിയ. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ അബ്ദു മഹ്ദി പാസ്‌പോർട്ട് പിടിച്ചെടുത്തു ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയയുടെ വാദം. കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബം മാപ്പ് നൽകുക മാത്രമാണ് നിമിഷ പ്രിയയുടെ മോചനത്തിനായി ശേഷിക്കുന്ന ഒരേയൊരു മാർഗം

LEAVE A REPLY

Please enter your comment!
Please enter your name here