കൊച്ചി: കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്നും തെന്നിമാറിയതിനെ തുടർന്ന് യാത്ര റദ്ദാക്കി. ഇന്നലെ രാത്രി 10.34ന് പുറപ്പെടേണ്ടിയിരുന്ന എഐ 504 വിമാനമാണ് ടേക്ക് ഓഫിന് തയ്യാറെടുക്കവെ റൺവേയിൽ നിന്നും തെന്നിമാറിയത്. എൻജിൻ തകരാറിനെ തുടർന്ന് വിമാനം യാത്ര റദ്ദാക്കി. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഡൽഹിയിലെത്തിക്കുമെന്നാണ് എയർ ഇന്ത്യ വ്യക്തമാക്കിയത്.
ഇന്നലെ രാത്രി 10.15ന് ബോർഡിങ് ആരംഭിച്ച വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്. ടേക്ക് ഓഫിനായി റൺവേയിലേക്ക് നീങ്ങവേയാണ് വിമാനം റൺവേയിൽ നിന്നും തെന്നിമാറിയത്. ഹൈബി ഈഡൻ എംപിയും വിമാനത്തിലുണ്ടായിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹൈബിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
‘‘ക്യാപ്റ്റൻ വന്ന് സംസാരിച്ചു. എൻജിന് സംഭവിച്ച സാങ്കേതിക തകരാർ ടെക്നീഷ്യൻസ് പരിശോധിക്കുകയാണ്. 10.40നാണ് വിമാനം ടേക്ക് ഓഫ് ചെയ്യേണ്ടിയിരുന്നത്. ടേക്ക് ഓഫിന് തൊട്ടുമുൻപത്തെ റണ്ണിങിനിടെയാണ് ബ്രേക്ക് ചെയ്ത വിമാനം തെന്നിമാറിയത്. വിമാനം റൺവേയിൽ നിന്ന് പാർക്കിങിലേക്ക് മാറ്റിയിട്ടുണ്ട്. എൻജിൻ വൈബ്രേഷന്‍ പ്രശ്നം ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്. ഒരു മണിക്കൂറായി യാത്രക്കാർ വിമാനത്തിൽ തുടരുകയാണ്. പ്രശ്നം പരിഹരിച്ച വൈകാതെ പുറപ്പെടുമെന്നാണ് കരുതുന്നത്.’’ – ഹൈബി ഈഡൻ പിന്നീട് ഒരു മാധ്യമത്തോട് പറഞ്ഞു.

