വ്യാജ വോട്ടർ പട്ടിക വിവാദങ്ങൾക്കിടെ സുരേഷ് ഗോപി തൃശൂരിൽ; ‘ഇത്രത്തോളം സഹായിച്ചതിനു നന്ദി’ എന്ന് ഒറ്റവരി പ്രതികരണം

0

തൃശൂർ: രാഷ്ട്രീയപരമായ വിവാദങ്ങൾ നിലനിൽക്കെ, കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിൽ തിരിച്ചെത്തി. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റും, വോട്ടർപട്ടികയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും ശേഷം ആദ്യമായാണ് അദ്ദേഹം തൃശൂരിലെത്തുന്നത്. വന്ദേഭാരത് എക്സ്പ്രസ്സിൽ പുലർച്ചെ തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിയ സുരേഷ് ഗോപിക്ക് ബിജെപി പ്രവർത്തകർ വലിയ സ്വീകരണം നൽകി.

കഴിഞ്ഞ ദിവസം സിപിഎം-ബിജെപി സംഘർഷത്തിൽ പരിക്കേറ്റ പ്രവർത്തകരെ അദ്ദേഹം ആശുപത്രിയിൽ സന്ദർശിച്ചു. തുടർന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, “ഇത്രത്തോളം സഹായിച്ചതിന് നന്ദി” എന്ന ഒറ്റവരി മറുപടി മാത്രമാണ് അദ്ദേഹം നൽകിയത്.

പാർട്ടി ഓഫീസിലെത്തിയ ശേഷം പ്രവർത്തകരുമായി ചർച്ച നടത്തിയ അദ്ദേഹം, സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് ബിജെപി നടത്തുന്ന മാർച്ചിനെ അഭിസംബോധന ചെയ്യും.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് വ്യാജ സത്യവാങ്മൂലം നൽകി തൃശൂരിൽ വോട്ട് മാറ്റിയെന്ന പരാതിയിൽ സുരേഷ് ഗോപിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്ക് തൃശൂരിന് പുറമെ കൊല്ലത്തും വോട്ടുണ്ടെന്ന രേഖകളും പുറത്തുവന്നു. ഈ സംഭവങ്ങളാണ് പുതിയ രാഷ്ട്രീയ സംഘർഷങ്ങൾക്ക് വഴിവെച്ചത്.

ഈ വിഷയത്തിൽ, ജനാധിപത്യപരമായ വോട്ടവകാശത്തെ സുരേഷ് ഗോപി അട്ടിമറിച്ചെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ അദ്ദേഹത്തിന്റെ ഓഫീസിൻ്റെ ബോർഡിൽ കരിഓയിൽ ഒഴിച്ചു. ഇതിന് മറുപടിയായി, ബിജെപി പ്രവർത്തകർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആയ അഴീക്കോടൻ സ്മാരക മന്ദിരത്തിലേക്ക് രാത്രിയിൽ പന്തം കൊളുത്തി പ്രതിഷേധ മാർച്ച് നടത്തി. ഇതേത്തുടർന്നാണ് ഇരുപാർട്ടികളുടെയും പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here