പത്തനംതിട്ട: ജില്ലയിലെ മൃഗാശുപത്രികളിൽ ഇനി ഓൺലൈനായി ഒപി ടിക്കറ്റെടുക്കാം. പത്തനംതിട്ട ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സംസ്ഥാന മൃഗസംരക്ഷണവകുപ്പിന്റെ ഇ-സമൃദ്ധ പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ മൃഗാശുപത്രികളിൽ ഇതിനുള്ള സൗകര്യം ഒരുങ്ങിയത്. ഡോക്ടറുടെ സേവനം ലഭ്യമാണോ എന്ന് മുൻകൂട്ടി അറിയാനാകും. കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ മാത്രമാണ് നിലവിൽ ഈ സൗകര്യം ലഭ്യമാകുക.
ഇ-സമൃദ്ധ മൊബൈൽ ആപ്ലിക്കേഷനിലൂടെയാണിത്. ക്ഷീരകർഷകരുൾപ്പെടെയുള്ളവരുടെ ആപ്ലിക്കേഷനിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ്, ആരോഗ്യസർട്ടിഫിക്കറ്റ്, മരുന്ന് കുറിപ്പടികൾ, പഴയ ചികിത്സാരേഖകൾ, ലാബ് റിപ്പോർട്ടുകൾ എന്നിവയെല്ലാം കിട്ടുന്ന തരത്തിൽ സമ്പൂർണ മൃഗാരോഗ്യ മാനേജ്മെന്റ് സംവിധാനമാണ് ലക്ഷ്യമിടുന്നത്. ആനിമൽ ഒപി മാനേജ്മെന്റ് സിസ്റ്റത്തിലൂടെ ജില്ലയിലെ 61 കേന്ദ്രങ്ങളിലാണ് കർഷകന് ഉപകാരപ്രദമാകുന്ന സംവിധാനം എത്തിയത്.
കർഷകരുടെ ഉത്പാദനച്ചെലവ് കുറയ്ക്കാനും ഉത്പാദനക്ഷമത കൂട്ടാനും സാധിക്കുന്ന പദ്ധതികളായിരുന്നു ഇ-സമൃദ്ധയിൽ. ഇതിന്റെ ആദ്യഘട്ടമായി ജില്ലയിൽ 60,000-ഓളം കന്നുകാലികളിൽ സൗജന്യമായി മൈക്രോചിപ്പ് ഘടിപ്പിക്കുന്നത് രണ്ടുവർഷം മുമ്പ് പൂർത്തിയായി. ഇതിന്റെ രണ്ടാംഘട്ടമായാണ് മൃഗാശുപത്രികളിൽ ഇ-സമൃദ്ധ ഒരുക്കിയത്.

