പൂർവ വൈരാഗ്യം; മഹാരാഷ്ട്രയിൽ ഇതര മതസ്ഥയായ പെൺകുട്ടിയുമായി സംസാരിച്ചതിന് 21 വയസ്സുള്ള മുസ്ലീം യുവാവിനെ പത്ത് പേർ ചേർന്ന് തല്ലിക്കൊന്നു, നാല് പേർ അറസ്റ്റിൽ

0

മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ ഇതര മതസ്ഥയായ ഒരു പെൺകുട്ടിയുമായി സംസാരിക്കുന്നത് കണ്ടതിനെ തുടർന്ന് 21 വയസ്സുള്ള മുസ്ലീം യുവാവിനെ പത്ത് പേർ ചേർന്ന് തല്ലിക്കൊന്നു. സംഭവത്തിൽ പോലീസ് ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന സുലൈമാൻ ഖാനാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്.

രാജ്യത്ത് വർധിച്ചുവരുന്ന സദാചാര ഗുണ്ടാ ആക്രമണങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമായി ഈ സംഭവം മാറുകയാണ്. സുലൈമാൻ ഖാന്റെ കൊലപാതകത്തിന് പിന്നിൽ പഴയ വൈരാഗ്യവും ഉണ്ടെന്ന് സംശയിക്കുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ബേതാവാദ് ഖുർദ് ഗ്രാമത്തിൽ താമസിക്കുന്ന സുലൈമാൻ ഖാൻ തിങ്കളാഴ്ച പോലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ഫോം പൂരിപ്പിക്കാനായി ജാംനറിലേക്ക് പോയിരുന്നു. അവിടെ ഒരു കഫേയിൽ വെച്ച് ഒരു പെൺകുട്ടിയുമായി സംസാരിക്കവെ, പത്ത് പേരടങ്ങുന്ന സംഘം അദ്ദേഹത്തെ തടയുകയും മർദ്ദിക്കാൻ തുടങ്ങുകയും ചെയ്തുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ക്രൂരന്മാരായ അക്രമികൾ ഖാനെ ബലമായി സ്വന്തം ഗ്രാമമായ ബേതാവാദ് ഖുർദിലേക്ക് കൊണ്ടുപോയി. ബസ് സ്റ്റാൻഡിൽ വെച്ച് വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് അവർ യുവാവിനെ അതിക്രൂരമായി ആക്രമിച്ചു. ഖാനെ രക്ഷിക്കാൻ ശ്രമിച്ച കുടുംബാംഗങ്ങളെയും അക്രമികൾ മർദ്ദിച്ചു. ഉടൻ തന്നെ ഖാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

സുലൈമാൻ ഖാന്റെ കൊലപാതകം ജാംനറിൽ വലിയ സംഘർഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. സെൻസിറ്റീവ് പ്രദേശങ്ങളിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അക്രമികളെ എല്ലാം ഉടൻ അറസ്റ്റ് ചെയ്യണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഖാന്റെ ബന്ധുക്കളും നാട്ടുകാരും തിങ്കളാഴ്ച രാത്രി ജാംനർ പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു.

തട്ടിക്കൊണ്ടുപോകൽ, കലാപം, കൊലപാതകം എന്നീ കുറ്റങ്ങൾക്ക് ഭാരതീയ ന്യായ് സംഹിത (ബിഎൻഎസ്) യുടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള പഴയ ശത്രുതയാണ് സംഭവത്തിന് പിന്നിലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഞങ്ങൾ കേസ് വിവിധ കോണുകളിൽ നിന്ന് അന്വേഷിക്കുന്നുണ്ടെന്നും, ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടാതെ കുറ്റകൃത്യത്തിന്റെ മുഖ്യസൂത്രധാരനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി നടക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here