കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്‍ മരിച്ച സംഭവത്തിൽ ഒടുവിൽ നടപടിയെടുത്ത് കെഎസ്ഇബി. തേവലക്കര സെക്ഷനിലെ ഓവർസിയറെ സസ്പെൻഡ് ചെയ്തു. ഓവർസിയർ ബിജുവിനെതിരെയാണ് നടപടി. മിഥുന്റെ മരണത്തിൽ പ്രധാനാദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്തിരുന്നുവെങ്കിലും കെ എസ് ഇ ബി നടപടികൾ എടുത്തിരുന്നില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെ കൊല്ലം തേവലക്കര ബോയ്സ് സ്കൂൾ മാനേജ്മെനറ് പിരിച്ചുവിട്ടിരുന്നു. മാനേജറെ സസ്പെൻഡ് ചെയ്ത് സ്കൂളിൻ്റെ ഭരണം വിദ്യാഭ്യാസവകുപ്പ് ഏറ്റെടുത്തു.
ക്ലാസ് മുറിയോട് ചേർന്ന തകര ഷെഡിന് മുകളിൽ വീണ കൂട്ടുകാരൻ്റെ ചെരിപ്പ് എടുക്കാൻ കയറിയ മിഥുൻ മുകളിലൂടെ പോയ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് മരിച്ചത്. വർഷങ്ങളായി അപകടകരമായ നിലയിൽ ലൈൻ പോയിട്ടും അധികൃതർ നടപടിയെടുത്തിരുന്നില്ല. 8 വർഷം മുമ്പ് താൽക്കാലികമായ കെട്ടിയ ഷെഡിനും അനുമതിയില്ലായിരുന്നു.
അതേസമയം, മിഥുന്‍റെ മാതാപിതാക്കള്‍ക്ക് സഹായധനം നൽകാൻ മന്ത്രിസഭ യോഗം ഇന്നലെ തീരുമാനമെടുത്തു. മിഥുന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാനാണ് തീരുമാനമായത്. കെഎസ്ഇബി നേരത്തെ 5 ലക്ഷം രൂപ നൽകിയിരുന്നു. 5 ലക്ഷം രൂപ കൂടി മന്ത്രി കെ കൃഷ്ണന്‍ കുട്ടി മിഥുന്‍റെ വീട്ടിലെത്തി ഇന്ന് കൈമാറുമെന്ന് കോവൂര്‍ കുഞ്ഞുമോൻ എംഎൽഎ അറിയിച്ചു. പൊതു വിദ്യാഭ്യസ വകുപ്പിന്‍റെ അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ അടിയന്തര സഹായം മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നു. തേവലക്കര സ്കൂള്‍ മാനേജ്മെന്‍റ് 10 ലക്ഷം കുടുംബത്തിന് കൈമാറിയിരുന്നു.

