പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം. അഭീഷ്ടസിദ്ധിക്കു വേണ്ടി ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രത്തിൽ നടത്തുന്ന ആചാരനിബിഡമായ ചടങ്ങാണ് വള്ളസദ്യ. ഔപചാരിക ഉദ്ഘാടനം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിക്കും. രാവിലെ 11:00 മണിക്ക് വള്ളസദ്യക്ക് തുടക്കംകുറിച്ച് അടുപ്പിൽ അഗ്നിപകരും. ഒക്ടോബർ രണ്ടുവരെ വള്ളസദ്യ തുടരും. പള്ളിയോട സേവാ സംഘവും തിരുവിതാകൂർ ദേവസ്വം ബോർഡും സംയുക്തമായാണു ആറന്മുള ക്ഷേത്രത്തിൽ വള്ളസദ്യ വഴിപാടു നടത്തുന്നത്.
ആറന്മുള ക്ഷേത്രമുറ്റത്ത് തൂശനിലയിൽ 64 വിഭങ്ങൾ ആണ് സദ്യക്ക് വിളമ്പുക. 52 കരകളിലെ പള്ളിയോടങ്ങളാണ് വഴിപാട് അനുസരിച്ച് ഓരോദിവസും വള്ളസദ്യയിൽ പങ്കെടുക്കുന്നത്. വള്ളസദ്യയുടെ ഭാഗമായി ക്ഷേത്രത്തിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ ഉത്രട്ടാതി ജലമേള സെപ്റ്റംബർ ഒൻപതിനും അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 14 നുമാണ് നടക്കുക.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹസദ്യ എന്നറിയപ്പെടുന്നത് ആറന്മുള വള്ളസദ്യയാണ്. 44 വിഭവങ്ങൾ ഇലയിൽ വിളമ്പുമ്പോൾ 20 വിഭവങ്ങൾ പാടി ചോദിക്കുന്ന മുറയ്ക്ക് വഴിപാടുകാരൻ ഇലയിൽ വിളമ്പുന്നതാണ് ആറന്മുളയിലെ പരമ്പരാഗത രീതി. 15 സദ്യാലയങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ആകെ 15 സദ്യ കോൺട്രാക്ടർമാരാണ് സദ്യ ഒരുക്കുന്നത്. 410 വള്ളസദ്യകളാണ് ഈ വർഷം ഇതുവരെ ബുക്ക് ചെയ്തിട്ടുള്ളത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന നൂറ്റാണ്ടുകളായുള്ള ആചാരത്തിന്റെയും ആഘോഷത്തിന്റെയും ഭാഗമാണ് ആറന്‍മുള വള്ളസദ്യ. തിരുവോണത്തോണിയ്ക്ക് അകമ്പടിയായെത്തുന്ന പള്ളിയോടക്കാര്‍ക്കായി വഴിപാടെന്ന രീതിയിലാണ് ഓരോ ദിനവും വള്ളസദ്യ നടത്തുന്നത്.

